
ആലപ്പുഴ: കൊറ്റംകുളങ്ങര വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ മുകൾ നിലയിലെ ടിൻഷീറ്റിലേക്ക് പതിച്ചുകിടക്കുന്ന മരത്തിന്റെ ശിഖരങ്ങൾ വെട്ടിനീക്കി സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി വയോജനങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്ത്. നഗരസഭയുടെ കീഴിലുള്ള ഇതേ കെട്ടിടത്തിലാണ് അങ്കണവാടിക്കൊപ്പം വയോജന ട്രസ്റ്റും പ്രവർത്തിക്കുന്നത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച്ചകളിലാണ് വയോജനങ്ങൾ ഈ കെട്ടിടത്തിൽ മാനസിക ഉല്ലാസത്തിനായി ഒത്തുചേരുന്നത്. പ്രഭാഷണങ്ങളും കലാപരിപാടികളും നടത്താൻ പ്രമുഖരടക്കം ഇവിടെ വന്നുപോകുന്നുണ്ടെങ്കിലും ജനപ്രതിനിധികളോടടക്കം പലതവണ പരാതി പറഞ്ഞിട്ടും മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയുണ്ടൊയിട്ടില്ലെന്നാണ് ആക്ഷേപം. ഇതേ കെട്ടിടത്തിലാണ് മാസംതോറും വയോമിത്രം ക്യാമ്പും കൂടുന്നത്. മരം ഏതെങ്കിലും കാരണവശാൽ കെട്ടിടത്തിന് മുകളിലേക്ക് ശക്തിയായി പതിച്ചാൽ കുട്ടികളുടെയും വൃദ്ധരുടെയും ജീവന് തന്നെ ഭീഷണിയാകും.
അടിയന്തര നടപടി വേണം
അപകട സാദ്ധ്യതയുള്ള ശിഖരങ്ങൾ ഉടൻ വെട്ടിമാറ്റണം
ടിൻഷീറ്റ് കേടായ ഭാഗങ്ങൾ പുനസ്ഥാപിക്കണം
കെട്ടിടത്തിന്റെ സുരക്ഷാ ഓഡിറ്റ് നഗരസഭ നടത്തണം
അങ്കണവാടിക്കും വയോജന ട്രസ്റ്റിനും സുരക്ഷിത ഇടം ഉറപ്പാക്കണം
വൻമരത്തിന്റെ ഭാഗം കെട്ടിടത്തിന് മുകളിൽ പതിഞ്ഞു കിടക്കുകയാണ്. ധാരാളം പരിപാടികൾ സ്ഥിരം നടക്കുന്ന കെട്ടിടമാണ്. കൂടാതെ അങ്കണവാടി കുട്ടികളാണ് ഉള്ളിലുള്ളത്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പുവരുത്താൻ നഗരസഭാ അധികൃതർ നടപടി കൈക്കൊള്ളണം
- കെ.ആർ.മണിയൻ
സെക്രട്ടറി
തണൽ വയോജന ട്രസ്റ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |