മുഖ്യമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും
പയ്യന്നൂർ: കൊല്ലം ശ്രീ നാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിനു മുൻപിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീ നാരായണ ഗുരു ദേവന്റെ വെങ്കല ശില്പം പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10.30ന് അനാച്ഛാദനം ചെയ്യും. സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ നിർദ്ദേശാനുസരണം ശില്പി ഉണ്ണി കാനായിയാണ് എട്ടടി ഉയരവും അഞ്ചടി വീതിയുമുള്ള ശില്പം നിർമ്മിച്ചത്.
ചമ്രം പടിഞ്ഞ് ഇരുന്ന് ഇരുകൈളും ഒന്നിച്ച് മടിയിൽ വച്ച് സൗമ്യ ഭാവത്തിൽ നോക്കുന്ന രൂപത്തിൽ, എല്ലാവരുടെയും മനസ്സിൽ പതിഞ്ഞിട്ടുള്ള ഗുരുവിന്റെ രൂപത്തിൽ തന്നെയാണ് ശില്പം നിർമ്മിച്ചിട്ടുള്ളതെന്ന് ഉണ്ണി കാനായി പറഞ്ഞു.
ആദ്യമായി കളി മണ്ണിൽ തീർത്ത ശില്പം, ശിവഗിരി മഠത്തിലെ സ്വാമിമാരും ലളിത കലാ അക്കാഡമി, സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ണിയുടെ കാനായിലുള്ള പണിപ്പുരയിലെത്തി വീക്ഷിച്ച് സംതൃപ്തി അറിയിച്ച ശേഷം, പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത് വാക്സിൽ പ്രതിമ നിർമ്മിച്ച് പരമ്പരാഗത രീതിയിൽ വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ട് വർഷമെടുത്താണ് ഉണ്ണി കാനായി ശില്പ നിർമ്മാണം പൂർത്തിയാക്കിയത്. സുരേഷ് അമ്മാനപ്പാറ, കെ. വിനേഷ്, വി. രതീഷ്, ബാലൻ പാച്ചേനി, ഇ.പി. ഷൈജിത്ത്, സി. സുരേശൻ, ശ്രീകുമാർ, ടി.കെ. അഭിജിത്ത്, അർജുൻ കാനായി എന്നിവർ സഹായികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |