തലശ്ശേരി: ക്രിക്കറ്റിന് ജന്മം നൽകിയ തലശ്ശേരിയുടെ മണ്ണിൽ കായിക പ്രേമികൾക്ക് ആവേശം പകർന്ന് ഓൾ കേരള പ്രൊഫഷണൽ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി. തലശ്ശേരി വി.ആർ കൃഷ്ണയ്യർ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കേരള ക്രിക്കറ്റ് ടീം അംഗം അക്ഷയ് ചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വിജയകരമായി മുന്നേറുന്ന സ്റ്റാർട്ട് അപ്പ് സംരംഭമായ റോഡ്മേറ്റിന്റെ നേതൃത്വത്തിലാണ് ഈ കായികമാമാങ്കം സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക് കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ മിഥുൻ ലാൽ, അർജുൻ എസ്.കെ, റോഡ്മേറ്റ് സ്ഥാപകനും ഫൗണ്ടറുമായ ജിയാദ്, സുജൈദ ജിയാദ് എന്നിവർ സംസാരിച്ചു.
ടൂർണമെന്റിനോടനുബന്ധിച്ച് കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക് തലശ്ശേരി ചാപ്റ്റർ തയ്യാറാക്കിയ 'പ്രൊഫഷണൽ ഡയറക്ടറി'യുടെ ലോഞ്ച് നടന്നു. വിവിധ മേഖലകളിലെ പ്രൊഫഷണലുകൾക്ക് ഏറെ ഉപകാരപ്രദമാകും വിധം തയ്യാറാക്കിയ ഈ ഡയറക്ടറി ഭാവിയിൽ ഒരു മൊബൈൽ അപ്ളിക്കേഷൻ ആയി ഉയർത്തിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്.
രണ്ടുദിവസങ്ങളിലായി നടക്കുന്ന പോരാട്ടത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾ ഉൾപ്പെടുന്ന 24 ടീമുകൾ കിരീടത്തിനായി ഏറ്റുമുട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |