
കണ്ണൂർ: രാസവളക്ഷാമം രൂക്ഷമായതോടെ നെൽക്കർഷകർ കടുത്ത പ്രതിസന്ധിയിൽ. യൂറിയ, പൊട്ടാഷ്, ഫോസ്‌ഫേറ്റ് വളങ്ങൾ കിട്ടാത്തത് വിളവിനെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണിവർ. ഇവയ്ക്ക് പകരം ഗുണനിലവാരം കുറഞ്ഞ കൂട്ടുവളങ്ങൾ പരീക്ഷിച്ചത് ചെടികളുടെ വളർച്ചയെ തന്നെ സാരമായി ബാധിച്ചുതുടങ്ങിയതാണ് നെൽക്കർഷകരുടെ അനുഭവം.
മൂന്നുതവണ കൃത്യമായ ഇടവേളകളിലാണ് നെല്ലിന് വളപ്രയോഗം നടത്തേണ്ടത്. വ്യാജ കൂട്ടുവളങ്ങളെ ആശ്രയിച്ചത് നെൽച്ചെടികളുടെ വളർച്ചയെ ബാധിച്ചു. ഇലകളിൽ മഞ്ഞളിപ്പായിരുന്നു ഇതിന്റെ ഫലം.ഇത് കുമിൾ രോഗമാണെന്ന് വരുത്തിതീർക്കാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ചില കർഷകർ ആരോപിക്കുന്നു.
നടീൽ കഴിഞ്ഞും ചെടിയുടെ വളർച്ചാ ഘട്ടത്തിലും കതിര് വരുന്നതിന് മുമ്പും എന്നിങ്ങനെയാണ് നെല്ലിന് വളപ്രയോഗം നടത്തേണ്ടത്. ആദ്യത്തേതിൽ സമ്മിശ്രവളമാണ് നൽകേണ്ടത്. രണ്ടാമത്തേതിൽ ഫാക്ടംഫോസിനൊപ്പം യൂറിയ ചേർക്കും. മൂന്നാമത് ഫാക്ടംഫോസിനൊപ്പം പൊട്ടാഷാണ് ചേർക്കേണ്ടത്. ഒരേക്കറിന് ആറായിരം മുതൽ ഏഴായിരം രൂപ വരെയാണ് ചിലവ് .മൂന്നാം വളം നൽകേണ്ടത് ജനുവരി 15നകമാണ്. നെൽച്ചെടി തഴച്ചുവളരാനും കൂടുതൽ ചിനപ്പ് പൊട്ടാനും നൈട്രജൻ അനിവാര്യമാണ്. എന്നാൽ സമയം കഴിയാറായിട്ടും വളപ്രയോഗം നടത്താനാകാതെ വൻപ്രതിസന്ധിയിലാണ് കർഷകർ.
കൃഷിയിൽ നഷ്ടം ഉറപ്പായിരിക്കെ വിളനാശത്തിന് പരിരക്ഷ നൽകുന്ന ഫസൽ ബീമാ യോജന ഇൻഷ്വറൻസ് പദ്ധതിയുടെ ലിങ്ക് തുറക്കാനാകാത്തതും പ്രതിസന്ധി വർദ്ധിപ്പിക്കുകയാണ്. രജിസ്റ്റർ ചെയ്യാനുള്ള സമയവും അവസാനിക്കാറായ ഘട്ടത്തിലാണ് ലിങ്ക് ലഭിക്കാത്തത്.
ചൂഷണം ചെയ്ത് കമ്പനികളും സ്വകാര്യ ഏജൻസികളും
മറ്റുവഴികളില്ലാത്ത കർഷകർക്ക് ചില സ്വകാര്യ ഏജൻസികൾ യൂറിയ അമിത വിലയ്ക്ക് വിൽക്കുന്നുണ്ട്. യൂറിയ ലഭിക്കുന്നിടത്ത് മറ്റു വളങ്ങളെടുക്കാൻ കർഷകരെ നിർബന്ധിക്കുന്നതും പതിവാണ് .അൻപത് കിലോ യൂറിയ 330 രൂപയ്ക്കാണ് ലഭിച്ചിരുന്നത്. ഈ വിലയ്ക്ക് യൂറിയ കിട്ടണമെങ്കിൽ മറ്റുത്പന്നങ്ങൾ അഞ്ച് കിലോക്ക് 650 രൂപ നൽകി വാങ്ങണം.രാജ്യത്ത് ആവശ്യമുള്ള യൂറിയയുടെ 50 ശതമാനവും ഇറക്കുമതിയാണ്. കമ്പനികൾ അവസരം മുതലെടുത്ത് സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് കർഷകരുടെ പരാതി.
വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം
സബ്സിഡി നിരക്കിൽ ലഭിച്ചിരുന്ന യൂറിയയുടെ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതാണ് ക്ഷാമത്തിന് കാരണം. അമിതവില ഈടാക്കി മറ്റു വളങ്ങൾ എടുക്കണമെന്ന സംഘങ്ങളുടെ നിർബന്ധം മൂലം യൂറിയ വാങ്ങാൻ വളം ഡിപ്പോകളും താൽപര്യം കാണിക്കുന്നില്ല. ഇതിന് പിന്നിൽ കമ്മിഷൻ ഏർപ്പാടാണെന്ന് പറയപ്പെടുന്നു. നെൽക്കൃഷിയ്ക്ക് ആവശ്യമായ സബ്സിഡി വളങ്ങൾ കൃത്യമായ ശേഖരിച്ച് വെക്കാൻ കൃഷിവകുപ്പിനും വിമുഖതയാണ്. ഗോഡൗണുകളിൽ എത്തുന്ന വളങ്ങൾ സംഭണകേന്ദ്രങ്ങളിൽ സൂക്ഷിക്കാതെ കൂട്ടുവള കമ്പനികൾക്കും കച്ചവടക്കാർക്കും മറിച്ചുനൽകുന്നതാണ് ക്ഷാമം രൂക്ഷമാകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |