SignIn
Kerala Kaumudi Online
Friday, 24 April 2026 5.46 PM IST

കല്യാശ്ശേരിയുടെ 20-ാം നൂറ്റാണ്ടിന്റെ ചരിത്രം അരങ്ങത്തേക്ക്

Increase Font Size Decrease Font Size Print Page
drama
നാടകത്തിന്റെ റിഹേഴ്സലിൽ നിന്ന്

കല്യാശ്ശേരി: കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തിലും സ്വാതന്ത്ര്യസമര ചരിത്രത്തിലും സ്വന്തമായ അടയാളങ്ങൾ ചാർത്തിയ കല്യാശ്ശേരിയുടെ 20-ാം നൂറ്റാണ്ടിന്റെ ചരിത്രം അരങ്ങത്തേക്ക്. കേരളത്തിലെ നാടക കുലപതികളിൽ ശ്രദ്ധേയനായ കെ.എം രാഘവൻ നമ്പ്യാർ എന്ന കെ.എം.ആർ ആണ് കല്യാശ്ശേരിയുടെ സുവർണ ചരിത്രം ചോര പുരണ്ട അക്ഷരങ്ങൾ എന്ന പേരിൽ നാടകമാക്കുന്നത്. 91ന്റെ അവശതയിലും നാടിന്റെ യഥാർത്ഥ ചരിത്രം സമൂഹ സമക്ഷം എത്തിക്കാനുള്ള വലിയ പരിശ്രമത്തിലാണ് കെ.എം.ആർ.
21-ാം വയസ്സിൽ തുടങ്ങിയ സർഗ രചന കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി വിശ്രമമില്ലാതെ മുന്നോട്ടുപോകുകയാണ്. പ്രായത്തിന്റെ അവശതകൾക്കിടയിലും തന്റെ വീക്ഷണത്തിലും ഭാവനയിലും തെല്ലും വെള്ളം ചേർക്കാതെ യുവത്വം തുടിക്കുന്ന രചനകളാണ് ഈ അതുല്യ നാടക കുലപതിയിൽ നിന്നും പൂത്തുലയുന്നത്.

1924 മുതൽ 1956 വരെയുള്ള ചരിത്രത്തിന്റെ കഥ പറയുന്ന ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നാടകം സ്വാതന്ത്ര്യ സമര പോരാട്ടവും തുടർന്നുള്ള സംഭവ വികാസങ്ങളും വരച്ചുകാട്ടുന്നു. 1923ലെ ചൗരി ചൗര സംഭവത്തിനു ശേഷം 1924ൽ കല്യാശ്ശേരിയിൽ സ്ഥാപിച്ച എലിമെന്ററി സ്‌കൂളിന്റെ സ്ഥാപനവും അനശ്വര വിപ്ലവകാരി കെ.പി.ആർ ഗോപാലന്റെ നേതൃത്വത്തിൽ നടന്ന വലിയ നവോത്ഥാന മുന്നേറ്റത്തിന്റെയും കഥയാണ് നാടകത്തിന്റെ കാതൽ. 1927ൽ ഹരിജൻ വിദ്യാർത്ഥികളെ സ്കൂളിൽ കയറ്റാൻ വിസമ്മതിച്ച സവർണ നാടുവാഴിത്ത ജന്മികൾക്കെതിരെ കെ.പി.ആർ ഗോപാലന്റെ നേതൃത്വത്തിൽ നടന്ന ചെറുത്ത് നിൽപ്പും തുടർന്ന് അവർക്ക് സ്കൂൾ വിദ്യാഭ്യാസം നേടാൻ സാധിച്ചതും കേരള ചരിത്രത്തിലെ വലിയ ഏടുകളായിരുന്നു. കേളപ്പജിയും മഹാത്മജിയുടെ ആത്മസുഹൃത്തായിരുന്ന സി.എഫ് ആൻഡ്രൂസും അടക്കം കല്യാശ്ശേരിയിൽ ക്യാമ്പ് ചെയ്താണ് ജാതി വ്യവസ്ഥക്കെതിരെ പോരാട്ടം നയിച്ചത്.

തുടർന്നുള്ള വർഷങ്ങളിൽ നടന്ന ഉപ്പുസത്യാഗ്രഹ ജാഥയ്ക്ക് നൽകിയ സ്വീകരണം, 1940ലെ മൊറാഴ സംഭവം, 1942ലെ ക്വാറ്റിന്ത്യാ സമരം ഉൾപ്പെടെയുള്ള കല്യാശ്ശേരിയുടെ ചരിത്രം നാടകം പറഞ്ഞുതരുന്നു.

സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥികളായ കലാകാരന്മാരാണ് നാടകത്തിലെ അഭിനേതാക്കളിൽ കൂടുതലും. കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 'ചോര പുരണ്ട അക്ഷരങ്ങൾ' 11ന് അരങ്ങിലെത്തും.

TAGS: LOCAL NEWS, KANNUR, DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.