SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

പൊയ്യമലയിൽ വന്യജീവി ആടിനെ കടിച്ചുകൊന്നു

Increase Font Size Decrease Font Size Print Page
poyyamala
വന്യജീവി ആട്ടിൻകുട്ടിയെ ആക്രമിച്ചു കൊന്നതറിഞ്ഞ് സ്ഥലത്തെത്തിയ മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നാട്ടുകാരുമായി സംസാരിക്കുന്നു

കൊട്ടിയൂർ: ചുങ്കക്കുന്ന് പൊയ്യമലയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ വന്യജീവി ആട്ടിൻകുട്ടിയെ കടിച്ചുകൊന്നു. പൊയ്യമലയിലെ കാരക്കാട്ട് ജോസഫിന്റെ ആട്ടിൻകുട്ടിയെയാണ് വന്യജീവി കടിച്ചുകൊന്നത്.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആടിന്റെ കരിച്ചിൽ കേട്ട വീട്ടുകാർ ലൈറ്റിട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ ആട്ടിൻകുട്ടിയെ ഭക്ഷിച്ചു കൊണ്ടിരുന്ന വന്യജീവി ഓടിപ്പോയതായി വീട്ടുകാർ പറയുന്നു. വീടിനോട് ചേർന്നാണ് ആട്ടിൻകൂട് ഉള്ളത്. കഴിഞ്ഞ ദിവസം പോത്തിനെ കൊടുത്തുവാങ്ങിയ ആടുകളിൽ ഒന്നിനെയാണ് വന്യജീവി ആക്രമിച്ചു കൊന്നത്. ഒരു തള്ളയാടും മൂന്ന് കുഞ്ഞുങ്ങളുമായിരുന്നു കൂട്ടിൽ ഉണ്ടായിരുന്നത്.

ആട്ടിൻകുട്ടിയെ കൊന്നതിന് സമീപത്തായി വന്യജീവിയുടെ കാല്പാടുകളും കണ്ടെത്തിയിട്ടുണ്ട്. വീടിന് സമീപത്ത് വനപ്രദേശമില്ലെന്നതും വീടും പരിസരപ്രദേശങ്ങളും കാടുതെളിച്ചിട്ടുള്ളതായിട്ടും വന്യജീവി നാട്ടിലിറങ്ങി ആട്ടിൻ കുഞ്ഞിനെ ആക്രമിച്ചു കൊന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.

പുലിയുൾപ്പെടെയുള്ള വന്യമൃഗ ഭീഷണിയിൽ നിന്നും വനംവകുപ്പും സർക്കാരും കർഷകരെ രക്ഷിച്ചില്ലെങ്കിൽ കൃഷിയും കന്നുകാലി വളർത്തലും ഉപേക്ഷിക്കുകയല്ലാതെ മറ്റുമാർഗ്ഗമില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

സംഭവത്തെ തുടർന്ന് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. പ്രമോദ് കുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കാല്പാടുകളും മുറിവിന്റെ ആഴവും പരിഗണിക്കുമ്പോൾ ചെന്നായ ആകാനാണ് സാദ്ധ്യത എന്നും ക്യാമറ സ്ഥാപിച്ച് സ്ഥിരീകരിക്കാമെന്നും സെക്ഷൻ ഫോസ്റ്റ് ഓഫീസർ പറഞ്ഞു. സ്ഥലത്തു നിന്നും ആട്ടിൻകുട്ടിയെ മാറ്റാതെ ക്യാമറ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്.

ആടിനെ കടിച്ചു കൊന്നത് പുലിയോ കടുവയോ ഏതെങ്കിലും ഒന്നായിരിക്കുമെന്ന് ഉറപ്പാണ്. ഇതിനു മുമ്പും ഇത്തരം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. മൂന്നു മാസം മുമ്പ് പോത്തിൻകുട്ടിയെ വന്യജീവി പിടിച്ചു കൊണ്ടുപോയത് ഇതിനടുത്ത പ്രദേശത്തുനിന്നുമാണ്. പുലിയെ പിടികൂടാൻ വനംവകുപ്പ് അടിയന്തരമായി പ്രദേശത്ത് കൂടു സ്ഥാപിക്കണം. അല്ലാത്തപക്ഷം ജനങ്ങളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകും

റോയ് നമ്പുടാകം, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്.

TAGS: LOCAL NEWS, KANNUR, KADUVA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY