SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.44 PM IST

കാലാവസ്ഥാ വ്യതിയാനത്തിൽ ഉത്പാദനം ഇടിയുന്നു നാണ്യവിള കർഷകർ ആശങ്കയിൽ

Increase Font Size Decrease Font Size Print Page
nanya
നാണ്യവിള

കണ്ണൂ‌ർ: കാലാവസ്ഥാ വ്യതിയാനം മൂലമുള്ള താപനിലയിലെ വർദ്ധനയും മഴയുടെ സ്വഭാവത്തിലുള്ള മാറ്റങ്ങളും നാണ്യവിളകളെ പ്രതികൂലമായി ബാധിക്കുന്നത് കർഷകരെ കടുത്ത ആശങ്കയിലാക്കുന്നു. ഉയർന്ന ചൂടും ഈർപ്പവും വിളകളുടെ വളർച്ച, ആരോഗ്യം എന്നിവയെ കുറയ്ക്കുകയും കീടങ്ങളുടെയും രോഗങ്ങളുടെയും വ്യാപനം വർദ്ധിപ്പിക്കുകയും ഇതിലൂടെ ഉത്പാദനം, ഉത്പാദനക്ഷമത, ഉത്പന്ന ഗുണനിലവാരം എന്നിവ കുറയ്ക്കുകയും ചെയ്യുന്നതാണ് കർഷകർക്ക് വൻ തിരിച്ചടിയാവുന്നത്. നിലവിൽ ഉയർന്ന താപനിലയാണ് കർഷകരെ വെട്ടിലാക്കുന്നത്.

കുരുമുളകിന് പൂവിടുന്നതു മുതൽ കായ് പാകമാകുന്നതുവരെ തുടർച്ചയായ മഴ ആവശ്യമാണ്. ചെറിയ വരൾച്ച പോലും പ്രതികൂലമാണ്. വേനൽക്കാല ചൂട് ഇലകളുടെയും പാർശ്വസിരകളുടെയും എണ്ണം കുറച്ച് വളർച്ചയും ഉത്പാദനവും കുറയ്ക്കുന്നു. പൂവിടുന്നതിന് മുൻപുള്ള ചെറിയ വരൾച്ച ഗുണകരമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം വേനൽമഴ വർദ്ധിക്കുന്നത് ഉത്പാദനത്തെ ബാധിക്കും. ഡിസംബർ-ജനുവരി കാലഘട്ടത്തെ അമിത മഴ രോഗങ്ങൾ വർദ്ധിപ്പിക്കുകയും മഴക്കുറവ് പൂ കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.

മഴയുടെ ഏറ്റക്കുറച്ചിലുകൾ റബ്ബർ കൃഷിയിൽ ടാപ്പിംഗ് ദിനങ്ങൾ കുറഞ്ഞ് വരുന്നതിനും ലാറ്റക്‌സ് ഉത്പാദനം കുറയുന്നതിനും കാരണമാകുന്നു. ഉയർന്ന രാത്രി താപനില റബ്ബർ പാലിന്റെ അളവ് കുറയ്ക്കുകയും മരത്തിന്റെ ആരോഗ്യം ക്ഷയിച്ച് ഉത്പാദനം കുറയുകയും ചെയ്യും. ഉയർന്ന ചൂടും ഈർപ്പവും റബ്ബറിൽ ഇല പൊഴിച്ചിൽ രോഗം വർദ്ധിപ്പിച്ച് ലാറ്റക്‌സ് ഉത്പാദന ശേഷി 30 ശതമാനം വരെ കുറയ്ക്കാം. കൂടാതെ റബ്ബർ പാൽ സാന്ദ്രത വർദ്ധിച്ച് ടാപ്പിംഗ് സമയത്ത് കട്ടപിടിക്കും.

കാപ്പിക്ക് സ്ഥിരതയുള്ള താപനിലയും സമയബന്ധിതമായ മഴയും ആവശ്യമാണ്. 18-21 സെൽഷ്യസ് താപനില ഉത്തമമാണ്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ വേനൽമഴ പൂവിടലിന് ആവശ്യമാണ്. മഴയുടെ മാറ്റങ്ങൾ പൂവിടലും കായ് പിടിത്തവും കുറച്ച് വിളവ് കുറയ്ക്കുന്നു. മഴയിലെ അനിശ്ചിതത്വവും ചൂട് സമ്മർദ്ദവും മൂലം കാപ്പി ഉത്പാദനം നിലവിൽ കുറയുകയാണ്. ഉയർന്ന താപനില കാപ്പിക്കുരു വേഗം പഴുക്കാൻ ഇടയാക്കുന്നു. ഇതിലൂടെ ശരിയായ സ്വാദ് രൂപപ്പെടാതെ കയ്പ്പ് കൂടുതലാക്കും. കൂടാതെ രോഗങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

പഠനങ്ങൾ പറയുന്നത്

കേരള കാർഷിക സർവ്വകലാശാല, റബ്ബർ ബോർഡ്, കോഫി ബോർഡ്, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ പഠനപ്രകാരം മഴയുടെ ഏറ്റക്കുറച്ചിലുകൾ കാപ്പി, കുരുമുളക്, റബ്ബർ തുടങ്ങിയ നാണ്യവിളകളുടെ ഉത്പാദനം കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. നീണ്ട വരൾച്ചയും വൈകിയ മഴയും മണ്ണിലെ ചൂട് വർദ്ധനയ്ക്കും വിളകൾ ഉണങ്ങി പോകുന്നതിനും കാരണമാകുന്നു. കാലം തെറ്റി പെയ്യുന്ന മഴ വിളകളുടെ പരാഗണം, പൂവിടൽ, കായ് പിടുത്തം തുടങ്ങിയവയെ ബാധിക്കുന്നു. അധിക മഴ വിളകളിൽ രോഗബാധകൾ വർദ്ധിക്കുന്നതിനും കാരണമാകുന്നു.

TAGS: LOCAL NEWS, KANNUR, VILA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY