SignIn
Kerala Kaumudi Online
Monday, 02 March 2026 3.59 AM IST

പദ്ധതികൾ സമ്പൂർണ്ണ പരാജയം: ആറളത്ത് കുടിവെള്ള ക്ഷാമം

Increase Font Size Decrease Font Size Print Page
ph-1-
ആറളത്ത് പുഴകളിൽ കുഴികളാക്കി അതിൽ നിന്നും .കുടിവെള്ളം ശേഖരിച്ച് പാത്രങ്ങളിലാക്കി തലയിൽ വെച്ച് പോകുന്ന സ്ത്രീ

കണ്ണൂ‌ർ: വേനൽ കനത്തതോടെ ആറളം പട്ടിക വർഗ്ഗ പുനരധിവാസ മേഖലയിലുള്ളവർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. കുടിവെള്ളത്തിനായി ഇവിടെ ആവിഷ്കരിച്ച പദ്ധതികളെല്ലാം സമ്പൂർണ്ണ പരാജയമായതാണ് കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക് പ്രദേശവാസികളെ തള്ളിവിട്ടത്.

ഒന്നും രണ്ടും കുടുംബങ്ങൾ ചേർന്ന് കക്കുവ പുഴയിലും കൈതോടുകളിലും കുഴി കുത്തിയാണ് നിലവിൽ പ്രദേശവാസികൾ വെള്ളം ശേഖരിക്കുന്നത്. വെള്ളം ശേഖരിച്ച് തലയിൽ വച്ച് കിലോമീറ്ററുകളോളം നടന്നുവേണം വീടുകളിലെത്തിക്കാൻ. കുടിവെള്ള വിതരണത്തിന് ജലനിധി, നബാർഡ് തുടങ്ങിയ പദ്ധതികൾ ആറളത്ത് ആവിഷ്കരിച്ചെങ്കിലും യാതൊരു പ്രയോജനവുമില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പുഴകളിൽ നിന്നും തോടുകളിൽ നിന്നും ശേഖരിക്കുന്ന വെള്ളത്തിലൂടെ ജലജന്യ രോഗങ്ങൾ പടരാൻ സാദ്ധ്യതയുള്ളതും ആശങ്കയ്ക്കിടയാക്കുന്നു. എങ്കിലും മറ്റ് നിർവാഹമില്ലാത്തതിനാൽ ഈ വെള്ളം ഉപയോഗിക്കാൻ ഇവർ നിർബന്ധിക്കപ്പെടുകയാണ്.

മുൻവർഷങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനങ്ങളിൽ കുടിവെള്ളം എത്തിച്ചിരുന്നെങ്കിലും ഈ വർഷം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പുനരധിവാസ മേഖലയിലെ ജലസ്രോതസ്സുകൾ മലിനമാകുന്ന സാഹചര്യവും ഇവിടെയുണ്ട്. ഈ മലിനമായ ജലസ്രോതസ്സുകളിൽ നിന്നാണ് ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും കുടിക്കാനുമെല്ലാം വെള്ളം ശേഖരിക്കുന്നത്. വിവാഹമുൾപ്പെടെയുള്ള ചടങ്ങുകളുടെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും കക്കുവ പുഴയിലും മറ്റ് ജലസ്രോതസ്സുകളിലും നിക്ഷേപിക്കുന്നത് പതിവാണ്.

വേനൽക്കാലത്ത് കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മുൻ വർഷങ്ങളിൽ നൽകിയതുപോലെ വാഹനങ്ങളിൽ വെള്ളം എത്തിച്ചു നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഇവർ.

പാടെ പാളി ജലനിധി

ആറളം ഫാമിലെ വിവിധ ബ്ലോക്കുകളിൽ ജലനിധി പദ്ധതി ആരംഭിച്ചെങ്കിലും നിലവിൽ അതെല്ലാം നോക്കുകുത്തിയായി മാറുകയാണ്. നിരവധി പേരെ പുനരധിവസിപ്പിച്ച ആറളം 9, പത്ത് ബ്ലോക്കുകളിൽ ഉൾപ്പെടെ കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ജലനിധി പദ്ധതി ആരംഭിച്ച് വെറും മൂന്ന് ദിവസം മാത്രമാണ് വെള്ളം ലഭിച്ചത്. പിന്നീട് പൈപ്പ് പൊട്ടുകയും മറ്റ് സാങ്കേതിക തകരാറുകളും കാരണം പദ്ധതി മുടങ്ങുകയുമായിരുന്നു. പുനരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരച്ചതുമില്ല.

പത്താം ബ്ലോക്കിന്റെ ഏറ്റവും ഉയർന്ന ഭാഗത്താണ് ജലനിധിയുടെ ടാങ്ക്. എന്നാൽ പകുതി പേർക്കും ലഭിച്ചിരുന്നത് കലക്ക് വെള്ളമാണ്. മറ്റ് പലർക്കും വെള്ളം കിട്ടാറുമില്ല. നബാർഡ് കുടിവെള്ള പദ്ധതി സ്ഥാപിച്ചിട്ടുണ്ടെങ്കിലും തീർത്തും പരാജയമാണ്. വിവിധ പദ്ധതികളിൽ കോടികൾ മുടക്കി താമസക്കാരുടെ പേര് പറഞ്ഞ് ഓരോ വീടിന് മുന്നിലും പൈപ്പുകൾ ഉൾപ്പെടെ സ്ഥാപിച്ചതല്ലാതെ പിന്നീട് ആരെയും കാണാനില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

TAGS: LOCAL NEWS, KANNUR, AARALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.