കണ്ണൂർ: ജനം ബൂത്തിലെത്തുന്ന ഇന്ന് ഏറ്റവും കൂടുതൽ ജാഗ്രത ആവശ്യമുള്ള ജില്ലയായി കണ്ണൂർ ശ്രദ്ധ നേടുന്നു. സംസ്ഥാനത്ത് 30,495 പോളിംഗ് ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ പ്രശ്നസാധ്യതാ ബൂത്തുകൾ കണ്ണൂർ ജില്ലയിലാണ്.
ജില്ലയിലെ 2,183 പോളിംഗ് ബൂത്തുകളിൽ 771 എണ്ണവും അതായത് മൂന്നിലൊന്നിലേറെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രശ്നസാദ്ധ്യതാ പട്ടികയിൽ ഇടം പിടിച്ചു. 312 ബൂത്തുകളുമായി കോഴിക്കോടും 238 ബൂത്തുകളുമായി കാസർകോടും പിറകിൽ. 189 ബൂത്തുകൾ പ്രശ്നസാദ്ധ്യതാ ഗണത്തിലുള്ള കൊല്ലം നാലാം സ്ഥാനത്ത്. ആശ്വാസ കേന്ദ്രം പത്തനംതിട്ടയാണ് 1,118 ബൂത്തുകളിൽ വെറും ഏഴ് ഇടങ്ങളിൽ മാത്രമാണ് അവിടെ പ്രശ്നസാദ്ധ്യത.
തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസും സംയുക്തമായി നടത്തിയ ദീർഘകാല പരിശോധനകളുടെയും സുരക്ഷാ റിപ്പോർട്ടുകളുടെയും ഫലമായാണ് ഓരോ ബൂത്തിന്റെയും 'ക്രിട്ടിക്കൽ' പദവി നിർണ്ണയിക്കപ്പെട്ടത്. കൂടുതൽ ക്യാമറ നിരീക്ഷണം, അധിക ഉദ്യോഗസ്ഥർ, ഫ്ലയിംഗി സ്‌ക്വാഡ് ടീമുകൾ എന്നിവ ഈ ബൂത്തുകൾക്ക് സുരക്ഷ ഒരുക്കും.
കള്ളവോട്ട്, പ്രതിപക്ഷ പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തൽ, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ എന്നിവ ആവർത്തിക്കാതിരിക്കാൻ ഭരണനിർവ്വഹണ സംവിധാനം ഇന്ന് പൂർണ ജാഗ്രതയിലാകും.
പയ്യന്നൂരിൽ 109 ബൂത്തുകൾ
പ്രശ്നബാധിതം
പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിലും പരിസര ഗ്രാമപഞ്ചായത്തുകളിലുമായി 109 പ്രശ്നബാധിത ബൂത്തുകൾ. ഇവിടങ്ങളിൽ കേന്ദ്ര സേനയെ വ്യനിസിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി പി.എൽ ഷിജു അറിയിച്ചു.
പയ്യന്നൂർ, പഴയങ്ങാടി, പരിയാരം പൊലീസ് സ്റ്റേഷൻ പരിധികളിലായി നാലു കമ്പനി കേന്ദ്രസേനയുടെ സേവനം ഉണ്ടാവും. ഇതിനു പുറമെ കേരള പൊലീസിന്റെയും തമിഴ്നാട് പൊലീസിന്റെയും സാന്നിദ്ധ്യത്തോടൊപ്പം 10 ഗ്രൂപ്പ് പെട്രോളിംഗ് സംഘം പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും അഞ്ചു വീതം ഗ്രൂപ്പ് പെട്രോളിംഗ് പഴയങ്ങാടിയിലും പരിയാരത്തും ഉണ്ടാവും. സംഘർഷ സാദ്ധ്യത ഉണ്ടായാൽ ഉടൻ കൂടുതൽ പൊലീസിനെ എത്തിക്കാനുള്ള നടപടിയും ഉണ്ടാവും.
ഭൂതകാലം ഭീതിയുടേത്
2021ലെ നിയമസഭ, 2024ലെ ലോക്‌സഭ, 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഇവ മൂന്നിലും ഉണ്ടായ അക്രമ സംഭവങ്ങൾ, കള്ളവോട്ട്, ഭീഷണി, പോളിംഗ് ഏജന്റുമാർക്ക് നേരെയുള്ള ശല്യം എന്നിവ വിലയിരുത്തിയാണ് ഓരോ ബൂത്തിനും പ്രശ്നബാധിത 'ചാപ്പ' ലഭിക്കുന്നത്. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ കണ്ണൂർ ജില്ലയിലെ പാനൂരിൽ അക്രമിസംഘങ്ങൾ ഏറ്റുമുട്ടുകയും സ്‌ഫോടക വസ്തുക്കൾ വലിച്ചെറിയുകയും ചെയ്ത സംഭവം ഏറെ ആശങ്ക ഉളവാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |