കണ്ണൂർ: തിരഞ്ഞെടുപ്പ് ദിവസം അതിരാവിലെയെത്തി വോട്ട് ചെയ്യുന്ന പ്രമുഖ സ്ഥാനാർത്ഥികൾ ഇത്തവണയും പതിവുരീതി മുടക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർ.സി. അമല ബി.യു.പി.സ്‌കൂളിലെ 194ാം നമ്പർ ബൂത്തിലാണ് വോട്ട്. രാവിലെ കുടുംബത്തോടൊപ്പമെത്തി വോട്ടുചെയ്തു മടങ്ങും.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മൊറാഴ സെൻട്രൽ യു.പി. സ്‌കൂളിലെ 124ാം നമ്പർ ബൂത്തിൽ രാവിലെ വോട്ട് രേഖപ്പെടുത്തും. പേരാവൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയും കെ.പി.സി.സി പ്രസിഡന്റുമായ സണ്ണി ജോസഫ് കടത്തുംകടവ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന് വോട്ട് രേഖപ്പെടുത്തും.
കണ്ണൂർ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥിയും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി, കടന്നപ്പള്ളി കണ്ടോന്താർ ഇടമന യു.പി സ്‌കൂളിൽ രാവിലെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. പേരാവൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ പഴശ്ശി വെസ്റ്റ് യു.പി സ്‌കൂളിലെ 74ാം നമ്പർ ബൂത്തിൽ രാവിലെ 7.30ന് വോട്ട് രേഖപ്പെടുത്തും.
സ്പീക്കർ എ.എൻ ഷംസീറിന് പാറാൽ എൽ.പി സ്കൂളിലാണ് വോട്ട്. കെ.പി.സി.സി. മുൻ പ്രസിഡന്റ് കെ. സുധാകരൻ എം.പി കിഴുന്ന സൗത്ത് യു.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തും. സി പി ഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ കക്കാട് കോർജ്ജാൻ യു.പി സ്കൂളിലും ബി.ജെ.പി നേതാവ് സി.കെ. പത്മനാഭന് വൻകുളത്തുവയൽ അക്ലിയത്ത് എൽ.പി. സ്‌കൂളിലും വോട്ട് ചെയ്യും. കഥാകൃത്ത് ടി. പത്മനാഭന് രാമതെരു ബോയ്സ് സ്‌കൂളിലും എഴുത്തുകാരൻ എം. മുകുന്ദന് പള്ളൂർ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്‌കൂളിലുമാണ് വോട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |