മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്നായി 73 ലക്ഷത്തോളം രൂപ വില വരുന്ന 1525 ഗ്രാം സ്വർണം പിടികൂടി. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഷാക്കീറിൽ നിന്ന് 32.62 ലക്ഷം രൂപയുടെ 745 ഗ്രാം സ്വർണം പിടിച്ചു. കാർഡ് ബോർഡിൽ ഒട്ടിച്ച നിലയിലും ഫോയിൽ പേപ്പറിന്റെ രൂപത്തിലുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇതേ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം ബാദുഷയിൽ നിന്ന് 18 ലക്ഷം രൂപ വരുന്ന 350 ഗ്രാം സ്വർണവും പിടികൂടി. താക്കോൽപ്പൂട്ടിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ഞായറാഴ്ച പുലർച്ചെ മസ്ക്കറ്റിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ തലശ്ശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനുവിൽ നിന്ന് 22 ലക്ഷം രൂപ വിലവരുന്ന 430 ഗ്രാം സ്വർണവും പിടിച്ചു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പ്ലാസ്റ്റിക് ഷീറ്റിലും കളിപ്പാട്ടങ്ങളുടെ പെട്ടിയിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. കസ്റ്റംസ് അസി. കമ്മീഷണർ ടി.എം. മുഹമ്മദ് ഫയിസ്, സൂപ്രണ്ടുമാരായ എൻ.സി. പ്രശാന്ത്, കെ. ബിന്ദു, ഇൻസ്പെക്ടർമാരായ നിവേദിത, ജിനേഷ്, ദീപക്, വി. രാജീവ്, രാംലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |