കണ്ണൂർ : സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ വർദ്ധിക്കുമ്പോഴും ഭക്ഷ്യസുരക്ഷ വകുപ്പ് നിരുത്തരവാദ സമീപനം തുടരുന്നുവെന്ന് ആരോപണം.കോടതി ഉത്തരവുകൾ പോലും നടപ്പിലാക്കാതെയാണ് നിർബാധം മായം കലർന്ന ഭക്ഷ്യവസ്തുക്കൾ വിറ്റഴിക്കാൻ അവസരമൊരുങ്ങുന്നത്. ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചാൽ പൊലിസ് ആക്ട് 188 വകുപ്പ് പ്രകാരം ക്രിമിനൽ കേസ് എടുക്കാൻ ഭക്ഷ്യ സുരക്ഷ വകുപ്പിന് പൊലീസിനോട് ആവശ്യപ്പെടാമെന്ന് 2018ലെ സുപ്രീം കോടതി ഉത്തരവുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല.
സമീപ കാലത്ത് നടന്ന ഭക്ഷ്യ വിഷബാധ മരണങ്ങളിലൊന്നിലും ഭക്ഷ്യ സുരക്ഷ വകുപ്പ് പൊലീസിനോട് ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. മരണം സംഭവിച്ചാൽ ഉത്തരവാദിക്ക് ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ തടവും 10 ലക്ഷം രൂപ പിഴയും ചുമത്താൻ 2006ൽ നിലവിൽ വന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ)യുടെ നിയമത്തിൽ വ്യവസ്ഥയുണ്ട്. പക്ഷെ ഈ നിയമവും നോക്കുകുത്തിയായിരിക്കുകയാണ്.
ഭക്ഷണ പദാർത്ഥത്തിന്റെ സാമ്പിൾ മൂന്നായി തരംതിരിച്ചെടുക്കണമെന്നാണ് എഫ്.എസ്.എസ്.എ.ഐ ആക്ട് വകുപ്പ് 47 പറയുന്നത്. ഒന്ന് ലാബിലേക്ക് പരിശോധനക്ക് അയക്കുമ്പോൾ രണ്ടെണ്ണം ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിലുണ്ടാവണം. 2019 മേയ് 16ന് ഭക്ഷ്യ സുരക്ഷ ഒഫീസുകളിൽ വിജിലൻസ് നടത്തിയ ജനരക്ഷ റെയ്‌ഡിന്റെ റിപ്പോർട്ട് ഇരുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. വിവിധ സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്ത പദാർത്ഥങ്ങൾ പരിശോധയ്കക്ക് അയക്കാതെ ഭക്ഷ്യസുരക്ഷ വകുപ്പ് ഒത്തുകളിക്കുകയായിരുന്നുവെന്ന് വിജിലൻസ് തന്നെ കണ്ടെത്തിയിരുന്നു. ലക്ഷങ്ങൾ പിഴയടക്കേണ്ട കേസുകൾ ആയിരം രൂപയ്ക്ക് ഒതുക്കിത്തീർക്കുന്നതായും വിജിലൻസ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് താൽപര്യമില്ല
2019 ഡിസംബർ 13ന് 'ഓപ്പറേഷൻ ജീവൻ' എന്ന പേരിൽ വിജിലൻസ് റയ്‌ഡ് നടത്തി. ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം ആർ.ഡി.ഒ മുൻപാകെ വിചാരണയിലിരിക്കുന്ന കേസുകൾ ഉദ്യോഗസ്ഥരുടെ താൽപര്യമില്ലായ്മ കാരണം വർഷങ്ങളോളം കെട്ടിക്കിടക്കുകയാണെന്നാണ് അന്ന് കണ്ടെത്തിയത്. വകുപ്പിന്റെ ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ രജിസ്റ്റർ ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും നിരോധിച്ച ഭക്ഷ്യ വസ്തുക്കൾ വീണ്ടും വിപണിയിലെത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നില്ലെന്നും വിജിലൻസ് റിപ്പോർട്ട് ചെയ്തിരുന്നു .2021 ഡിസംബർ 3ന് നടത്തിയ പരിശോധനയിലും മുൻപത്തെ പരിശോധനയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്ന് മനസിലായി.
കെട്ടിക്കിടക്കുന്നത് 1500ലധികം കേസുകൾ
ഭക്ഷ്യ സുരക്ഷാ കേസുകൾ തീർപ്പാക്കാൻ പ്രത്യേക കോടതിയില്ലാത്തതിനാൽ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 1500ലധികം കേസുകളാണ്. 2015 മുതലുള്ള കണക്കാണിത്. കേസുകൾ കോടതിയിൽ എത്തിയാൽ സർക്കാരും വകുപ്പും പ്രതിക്കൂട്ടിലാകാനുള്ള സാദ്ധ്യതയേറെയാണ്. ലാബുകൾക്ക് അക്രഡിറ്റേഷൻ ഇല്ലാത്തതും സാമ്പിളുകൾ ശേഖരിക്കുന്നതിലെ വീഴ്ചകളും വിചാരണ സമയത്ത് വെല്ലുവിളിയാകും.
സത്യവാങ്‌മൂലം സമർപ്പിച്ചില്ല
കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച കുട്ടി മരിച്ച സംഭവത്തിൽ സ്വീകരിച്ച നടപടികൾ പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിട്ട് ഏഴു മാസം കഴിഞ്ഞിട്ടും സർക്കാർ മറുപടി നൽകിയില്ല.കാസർകോട് സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് ഷവർമ വിൽക്കുന്ന കടകളിൽ നിരന്തരമായ പരിശോധനകൾ നടത്തണമെന്നും കോടതി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |