കണ്ണൂർ : അർബൻ നിധിയുടെയും സഹസ്ഥാപനമായ എ.ടി.എമ്മിലൂടെയും ഹവാല ഇടപാടുകൾ നടന്നതായി കണ്ടെത്തൽ. എ.ടി.എം വഴി വലിയ അളവിൽ കള്ളപ്പണം വെളിപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. കേരളത്തിന് പുറത്തുനിന്നും സ്ഥാപനത്തിൽ നിക്ഷേപം നടന്നിട്ടുണ്ട്. എ.ടി.എമ്മിൽ അർബൻ നിധിയിലേത് പോലെ നിക്ഷേപമല്ല, വൻ തുകകളുടെ കൈമാറ്റമാണ് നടന്നിട്ടുള്ളത് എന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഡയറക്ടർമാരുടെ വിദേശ ബന്ധവും കമ്പനി വിദേശ നിക്ഷേപം സ്വീകരിച്ചതുൾപ്പെടെയുള്ള കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. സ്ഥാപനത്തിലെ ഇടപാടുകൾ തീവ്രവാദ പ്രവർത്തനത്തിനു വേണ്ടി ഉപയോഗിച്ചോയെന്നും പ്രതികൾക്ക് നിരോധിത സംഘടനകളുമായി ബന്ധം ഉണ്ടോയെന്നും അന്വേഷിക്കും. സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളെപറ്റി നേരത്തെ തന്നെ ഇ.ഡിയുടെ നിരീക്ഷണമുണ്ടായിരുന്നു. അതിനെ തുടർന്നുള്ള അന്വേഷണമാണ് സ്ഥാപനം വഴി ഹവാല ഇടപാട് നടന്നിട്ടുണ്ട് എന്ന കണ്ടെത്തലിലേക്ക് നയിച്ചത്. നികുതി വെട്ടിപ്പിന് ജി.എസ്.ടി വകുപ്പും നോട്ടീസ് നൽകിയിരുന്നു.
ഇ.ഡിയുടെ നിരീക്ഷണത്തിൽ
അർബൻനിധി റെയ്ഡിൽ പിടിച്ചെടുത്ത കംപ്യൂട്ടർ പരിശോധിച്ചപ്പോൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കമ്പനിയുടെ ഡയറക്ടർമാർക്കയച്ച ഇമെയിൽ സന്ദേശങ്ങൾ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിലെ ചില ബാങ്ക് അക്കൗണ്ടുകളിൽ ദുരൂഹതയുണ്ടെന്നും 'ഹോൾഡ്' ചെയ്യാൻ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളാണ് കണ്ടെത്തിയത്. ഈ അക്കൗണ്ടുകൾ വഴി ഇടപാടുകൾ നടത്തരുതെന്നു സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെയാണ് അർബൻ നിധി നിക്ഷേപത്തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേകസംഘം ഇ.ഡിയുടെ ഇമെയിൽ സന്ദേശത്തിൽ പറയുന്ന ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.
രണ്ടാംപ്രതി പണം വകമാറ്റി ?
രണ്ടാം പ്രതി ആന്റണിക്ക് ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാൻസ്‌പോർട്ട് കമ്പനിയുണ്ട്. നാൽപ്പതോളം ലോറികളുള്ള സ്ഥാപനം തകർച്ചയിലേക്ക് നീങ്ങിയ ഘട്ടത്തിൽ അർബൻ നിധിയിലെ നിക്ഷേപം വകമാറ്റിയതായി സംശയിക്കുന്നുണ്ട്. ട്രാൻസ്‌പോർട്ട് കമ്പനിയുടെ അക്കൗണ്ടിൽ വലിയ തുകകൾ വന്നതാണ് ഇത്തരം സംശയങ്ങൾക്ക് കാരണം. പതിനേഴ് കോടിയോളം രൂപ ആന്റണി കൊണ്ടുപോയതാണ് അർബൻ നിധി തകരാൻ കാരണമായതെന്ന് പിടിയിലായ ഡയറക്ടർമാരായ ഗഫൂർ, ഷൗക്കത്തലി എന്നിവർ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |