തൃക്കരിപ്പൂർ: നാളെ മീനമാസത്തിലെ കാർത്തിക. വടക്കിന്റെ വസന്തോത്സവത്തിന് തുടക്കം കുറിക്കുന്ന ദിവസം. കാർത്തിക തൊട്ട് ഒമ്പത് നാളുകളിലായിട്ടാണ് വടക്കെ മലബാറിൽ പൂരോത്സവം കൊണ്ടാടുന്നത്.
കാവുകൾ, പള്ളിയറകൾ, തറവാടു ദേവസ്ഥാനങ്ങൾ, വീടുകൾ തുടങ്ങിയിടങ്ങളാണ് പൂരത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നത്. കന്യകമാരായ കുമാരിമാരാണ് വ്രതശുദ്ധിയോടെ കാമന്റെ കോലമുണ്ടാക്കി പൂവിട്ടുപൂജിച്ച് അനുഷ്ഠാന കർമ്മങ്ങളിൽ വ്യാപൃതരാകുന്നത്. ചെമ്പകപ്പൂവ്, നരയൻ പൂ, മുരിക്കിൻ പൂ തുടങ്ങിയവയാണ് സാധാരണയായി പൂവിടലിനായി ഉപയോഗിക്കുന്നത്.
പൂരക്കളിയും രണ്ടു സംസ്കൃത പണ്ഡിതന്മാരായ പണിക്കാർ തമ്മിലുള്ള മറുത്തുകളിയും പൂരോത്സവത്തിന്റെ ഭാഗമായാണ് ക്ഷേത്രങ്ങളിൽ നടത്തിവരുന്നത്. സാക്ഷാൽ പരമശിവന്റെ തൃക്കണ്ണിൽ നിന്നുള്ള കോപാഗ്നിയിൽ ഭസ്മമായ കാമദേവനെ പുനർജ്ജീവിപ്പിക്കാനായി അപേക്ഷിച്ച രതിദേവിയോട്, പൂക്കൾ കൊണ്ട് കാമദേവനെ ഉണ്ടാക്കി പൂജിക്കാൻ വിഷ്ണു ഭഗവാൻ ഉപദേശിച്ച കഥയാണ് പൂരോത്സവത്തിന്റെ ഐതിഹ്യം. മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് രയരമംഗലം ക്ഷേത്രത്തിലും ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിലും ഒരു മാസമാണ് പൂരക്കാലം. ഏപ്രിൽ നാലിന് നടക്കുന്ന പൂരംകുളിയോടെ പൂരോത്സവത്തിന് സമാപനമാകും.
രയരമംഗലത്ത് നാളെ പദ്മശാലിയ പൊറാട്ട്
കാർത്തിക നാളിലാണ് പ്രസിദ്ധമായ പിലിക്കോട് രയരമംഗലം ക്ഷേത്രത്തിലെ പദ്മശാലിയ പൊറാട്ട്. തെരു സോമേശ്വരി ക്ഷേത്രത്തിൽ നിന്നാണ് പൊറാട്ട് ആരംഭിക്കുന്നത്. വിവിധ വേഷഭൂഷാദികളുമായെത്തുന്ന കോലങ്ങൾ ആനുകാലികമായ സംഭവങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ ജനങ്ങളുടെ മുന്നിൽ ദ്വയാർത്ഥ പ്രയോഗത്തിലൂടെ അവതരിപ്പിക്കുകയാണ് പൊറാട്ടിലൂടെ. ചിരിക്കും ചിന്തക്കും വക നൽകിക്കൊണ്ട് അശ്ലീല ചുവയുള്ള സംഭാഷണങ്ങളോടെയാണ് പൊറാട്ടുകൾ നടന്നുനീങ്ങുന്നത്. അഷ്ടകൂടം ഭഗവതി, വാഴച്ചാർ ചേകവർ എന്നീ ആചാര വേഷങ്ങളും പൊറാട്ടിൽ ഉണ്ടാകും. ആയിരങ്ങളാണ് പൊറാട്ട് കാണാൻ രയരമംഗലത്തെത്തിച്ചേരുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |