കുട്ടമത്ത് (കാസർകോട്): ജനങ്ങളെ ഭയപ്പാടിലാക്കുന്ന പേപ്പട്ടി ശല്യത്തിൽ സുപ്രീംകോടതി വരെ ഇടപെടുന്ന സമയത്ത്, സ്കൂളിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും കണ്ണിലുണ്ണിയും കാവൽക്കാരനുമായി ഇവിടെ ഒരു നായ. ചെറുവത്തൂർ കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കൊവിഡ് അടച്ചുപൂട്ടൽ കഴിഞ്ഞയുടനെയാണ്, കുട്ടികളെ സ്നേഹിക്കാനും സ്കൂളിനെ സംരക്ഷിക്കാനും മാത്രമറിയുന്ന 'ഉണ്ടു' നായ എത്തിയത്. വൈകുന്നേരം ദേശീയഗാനം ചൊല്ലാൻ ബെല്ലടിച്ചാൽ ഉണ്ടുവും എഴുന്നേറ്റ് നിൽക്കും.
തെരുവുനായകളുടെ കൂട്ടത്തിലാണെത്തിയതെങ്കിലും, എളുപ്പം എല്ലാവരുമായി ഇടപഴകി അസാമാന്യമായ പാടവം തെളിയിച്ചു കുട്ടികളുടെ കളിത്തോഴനും സംരക്ഷകനും കാവൽക്കാരനുമായി മാറിയ നായയെ കുട്ടികൾ തന്നെയാണ് ഉണ്ടു എന്ന ഓമനപ്പേരിട്ട് വിളിച്ചു തുടങ്ങിയത്. നാളിതുവരെ സ്കൂളിലെ ഒരു കുഞ്ഞിനെയും അവൻ ദ്രോഹിച്ചിട്ടില്ല. എന്നും സ്കൂൾ തുറക്കുന്ന സമയത്ത് എത്തിച്ചേരുന്ന ഉണ്ടു സ്റ്റാഫ് മുറിയുടെ മൂലയ്ക്കാണ് കഴിയുക. വൈകുന്നേരം അവസാനത്തെ കുട്ടിയെയും വീട്ടിലേക്ക് യാത്രയാക്കിയതിനു ശേഷമാണ് മടക്കം. സ്കൂൾ അടച്ച് അദ്ധ്യാപകർ ഇറങ്ങുമ്പോൾ കൂടെ ഇറങ്ങും.
പച്ചക്കറി മുറിക്കുന്ന രജിതയുടെ വീട്ടിലാണ് രാത്രിവാസം. നാലു വർഷമായി സ്കൂളിലെ പ്രിയപ്പെട്ട അതിഥിയായ ഉണ്ടുവിന് സ്കൂളിൽ ഓരോ ബെല്ല് അടിക്കുന്നതും നല്ലത് പോലെ നിശ്ചയമാണ്. ഇന്റർവെല്ലിന് പുറത്തേക്ക് പോകുന്ന കുട്ടികളുടെ കൂടെ ചെല്ലും, അവർ അവന് മിഠായി വാങ്ങിക്കൊടുക്കും. വൈകുന്നേരം കുട്ടികൾക്ക് പോകാനുള്ള ലോംഗ് ബെല്ലടിച്ചാൽ കുട്ടികൾ പോകുന്ന ഓരോ വഴിക്കും അവരോടൊപ്പം ഉണ്ടുവും ഉണ്ടാകും.
കുട്ടികളെ അദ്ധ്യാപകർ
അടിക്കുന്നതും സഹിക്കില്ല
കുട്ടികളെ അദ്ധ്യാപകർ വടി കൊണ്ട് അടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഓടിയെത്തി വടി കടിച്ചെടുത്ത് ഓടി ദൂരെ കൊണ്ടിടും. പുറത്തുനിന്നും ഒരാളെയും സ്കൂളിൽ അടുപ്പിക്കില്ല. ചിക്കനും മറ്റും കറിവെക്കുന്ന ദിവസം തെരുവുനായകൾ കൂട്ടത്തോടെ മണം പിടിച്ചെത്തും. ഇത് കാണേണ്ട താമസം ഉണ്ടു കുരച്ചുചാടി ഓടിക്കും. ഒറ്റ എണ്ണത്തിനെയും കോമ്പൗണ്ടിലേക്ക് അടുപ്പിക്കില്ലെന്ന് പറയുകയാണ് അദ്ധ്യാപകരും ജീവനക്കാരും. കുട്ടികൾ പുറത്തിറങ്ങി മാവിൻ ചുവട്ടിൽ പഠിക്കുന്നിടത്തും കളിക്കുന്നിടത്തും സദാസമയവും കാവലായി ഉണ്ടു ഉണ്ടാകും.
കുട്ടികളെ അങ്ങേയറ്റം സംരക്ഷിക്കാൻ ദിവസം മുഴുവൻ പാടുപെടുന്ന അവനെ ഞങ്ങൾ എല്ലാവരും അത്രയധികമാണ് സ്നേഹിക്കുന്നത്. സ്കൂൾ വിട്ടാൽ കുട്ടമത്ത്, പൊന്മാലം, ചക്രപുരം, കൊവ്വൽ ഭാഗത്തേക്കെല്ലാം പോകുന്ന കുട്ടികളുടെ കൂടെ കാവലായി ഉണ്ടുവും പോകും. ടൗൺ ഭാഗത്തേക്ക് ഇടവഴിയിലൂടെയും കൂടെ പോകും. എന്നിട്ട് സ്കൂളിലേക്ക് തന്നെ തിരിച്ചുവരും. നാലു വർഷമായി ഈ പ്രക്രിയ മുടക്കമില്ലാതെ തുടരുകയാണ്.
സി. ഉഷ, ഓഫീസ് അസിസ്റ്റന്റ്, കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചെറുവത്തൂർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |