നീലേശ്വരം: കൃഷിയെ നെഞ്ചോടു ചേർത്ത ഒഴിഞ്ഞവളപ്പ് ഫലാഹ് പള്ളിക്ക് സമീപത്തെ ഇ.കെ റഹ്മാന്റെ ഏക്കറുകണക്കിന് പാടത്ത് പട്ടുപരവതാനി വിരിച്ചിട്ടതു പേലെ നീണ്ടു കിടക്കുകയാണ് ചീര പാടം. ആദ്യമായാണ് റഹ്മാൻ ഇത്രയേറെ സ്ഥലത്ത് ചീര കൃഷിയിറക്കുന്നത്.
നെൽകൃഷിയും പച്ചക്കറി കൃഷിയുമാണ് പാരമ്പര്യ കർഷകനായ റഹ്മാൻ വർഷങ്ങളായി ചെയ്തുവരുന്നത്. ചീരക്ക് പുറമെ കോവക്ക, മധുരക്കിഴങ്ങ്, മറ്റ് വിവിധതരം പച്ചക്കറി കൃഷികളെല്ലാം ചെയ്യുന്നുണ്ട്. പ്രദേശങ്ങളിൽ തീരദേശമേഖലയിലെ കർഷകരെല്ലാം ഈ സീസണിൽ പച്ചക്കറി കൃഷിയാണ് ചെയ്യുന്നത്. പയ്യന്നൂർ, കാഞ്ഞങ്ങാട്, നീലേശ്വരം നഗരങ്ങളിലെ മൊത്ത കച്ചവടക്കാരാണ് ഇവിടുത്തെ ഉത്പന്നങ്ങൾ വാങ്ങുന്നത്. പയ്യന്നൂരിലേക്കാണ് കൂടുതലായും വിൽപനക്ക് കൊണ്ടുപോകുന്നത്. രാവിലെയും വൈകീട്ടുമായി എത്തുന്ന കച്ചവടക്കാർ വില പറഞ്ഞുറപ്പിച്ച് കൊണ്ടുപോവുകയാണ് രീതി. അതുകൊണ്ടുതന്നെ വിപണി കണ്ടെത്തൽ കർഷകന് വെല്ലുവിളിയാകുന്നില്ല.
നിത്യധ്വാനിയും കൃഷിയോടുള്ള ആത്മാർത്ഥതയും കാരണം റഹ്മാനെ തേടി നിരവധി അവാർഡുകളും എത്തി. ഒരുകാലത്ത് മൾബറി കൃഷിയിലായിരുന്നു താൽപര്യം. പിന്നീട് വിവിധ കൃഷികൾ പരീക്ഷിച്ചു. എല്ലാം വിജയം. ഒടുവിൽ ചീരകൃഷി വ്യാപകമാക്കി. ഒഴിഞ്ഞവളപ്പിലെ റഹ്മാന്റെ പാടത്തെത്തിയാൽ നീണ്ടുകിടക്കുന്ന ചീര കൃഷി കൗതുകവും കുളിർമയേകുന്നതുമായ കാഴ്ചയാണ്. കൃഷിയെ കൂടെ കൊണ്ടു നടക്കാൻ തന്നെയാണ് റഹ്മാന്റെ തീരുമാനം.
പാലക്കാടൻ അരുൺ വിത്താണ് ചീര കൃഷിക്കായി തിരഞ്ഞെടുത്തത്. കൂടുതൽ വിളവും തൂക്കവും ഈ വിത്തിന്റെ ഗുണമാണ്. വിത്തിന് 2000 രൂപയാണ് കിലോയ്ക്ക് വില. ചീര ഒരു കിലോയ്ക്ക് 25 രൂപ വെച്ചാണ് കച്ചവടക്കാർക്ക് കൊടുക്കുന്നത്.
ഇ.കെ റഹ്മാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |