പെരിയ: 32-ാമത് സ്വദേശി സയൻസ് കോൺഗ്രസിന് കേരള കേന്ദ്ര സർവകലാശാലയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തിരിതെളിച്ചു.
കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. പി. രവീന്ദ്രൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആന്റ് ടെക്‌നോളജി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവ്വീസ് ഡയറക്ടർ ടി.എം. ബാലകൃഷ്ണൻ നായർ, കേരള അക്കാദമി ഓഫ് സയൻസസ് പ്രസിഡന്റ് പ്രൊഫ. ജി.എം. നായർ തുടങ്ങിയവർ സംബന്ധിച്ചു.
വികസിത ഭാരതത്തിനായുള്ള ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം എന്ന വിഷയത്തിൽ നടക്കുന്ന കോൺഗ്രസ് മൂന്ന് ദിവസം ക്യാംപസിനെ ശാസ്ത്ര സംവാദങ്ങളുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റും. ഭാവിയിലെ ശാസ്ത്ര നേതൃത്വത്തെ വളർത്തിയെടുക്കാനുള്ള വേദി കൂടിയാണ് സർവകലാശാല ഒരുക്കുന്നത്. മുന്നൂറിലേറെ ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്ന സമ്മേളനം രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് അനിവാര്യമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദിയായി മാറും. ഫിസിക്കൽ സയൻസസ്, എൻജിനീയറിംഗ്, ബയോളജിക്കൽ സയൻസസ്, ബോട്ടണി, അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, ഫോറസ്ട്രി, ഹെൽത്ത് സയൻസസ്, എർത്ത് സയൻസസ്, ഭാരതീയ ജ്ഞാന പരമ്പര എന്നീ മേഖലകളെ അടിസ്ഥാനമാക്കി പ്രബന്ധാവതരണം, ചർച്ചകൾ, പ്രഭാഷണങ്ങൾ, സംവാദങ്ങൾ തുടങ്ങിയവ നടക്കും.
ഉദ്ഘാടന ദിവസം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ സി.വി. രാമൻ അനുസ്മരണ പ്രഭാഷണവും കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ പി. പരമേശ്വരൻ അനുസ്മരണ പ്രഭാഷണവും നടത്തി. ഭാരതീയ ജ്ഞാന പരമ്പര എന്ന വിഷയത്തിൽ അമൃത സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസ് ഡീനും ഡയറക്ടറുമായ പ്രൊഫ. യു. കൃഷ്ണകുമാർ സംസാരിച്ചു.
ഇന്ന് ശാസ്ത്രജ്ഞരുമായുള്ള സ്‌കൂൾ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സംവാദം നടക്കും. നാളെ സമാപന സമ്മേളനത്തിൽ കൊടഗ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. അശോക് എസ്. ആളൂർ സമാപന പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |