കാസർകോട്: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കാസർകോട് ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ഗോദയിൽ അങ്കം കുറിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്ഥാനാർത്ഥികളുടെ പേരുവിവരം അറിയിച്ചതിന് പിന്നാലെ ജില്ലയിലെ മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളാണ് കളത്തിലിറങ്ങിയത്.
ഉദുമയിൽ വീണ്ടും ജനവിധി തേടുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സി.എച്ച് കുഞ്ഞമ്പു, പാർട്ടി നേതാക്കളും പ്രവർത്തകർക്കും ഒപ്പമെത്തി മുന്നാട് മുൻ എം.എൽ.എ പി. രാഘവന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കൾ ഒന്നിച്ചുണ്ടായി.
മഞ്ചേശ്വരത്തെ സി.പി.എം സ്ഥാനാർത്ഥി കെ.ആർ ജയാനന്ദ പൈവളികെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് പര്യടനം തുടങ്ങിയത്. കയ്യൂർ രക്തസാക്ഷികളുടെയും ചീമേനി രക്തസാക്ഷികളുടെയും സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് തൃക്കരിപ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.വി.പി.പി മുസ്തഫ നിയമസഭയിലേക്കുള്ള കന്നിയങ്കം കുറിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ, നേതാക്കളായ പി. ജനാർദ്ദനൻ, സാബു അബ്രഹാം, രജീഷ് വെള്ളാട്ട് തുടങ്ങിയ നേതാക്കൾ ഒരുമിച്ചുണ്ടായി.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഇന്നലെ തന്നെ വോട്ടർമാരെ കണ്ടുകൊണ്ടാണ് തുടങ്ങിയത്. ഒഴിഞ്ഞവളപ്പിൽ നടന്ന എൽ ഡി എഫ് പ്രകടനത്തിന് വി.വി രമേശൻ, സി.കെ ബാബുരാജ്, പ്രമോദ് കരുവളം, തെരുവത്ത് നാരായണൻ, ശബരീശൻ എന്നിവർ നേതൃത്വം നൽകി. നാല് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് മുന്നണി പ്രവർത്തകരുടെ പ്രകടനവുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |