കാസർകോട്: ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സംഭവിക്കുന്ന അടിയൊഴുക്കുകൾക്കിടയിലും സ്ഥാനാർത്ഥികളുടെ വിധി നിശ്ചയിക്കുന്നതിൽ നിർണ്ണായക ഘടകമാവുക ഓരോ മണ്ഡലത്തിലെയും പുതിയ വോട്ടർമാരാകും.
കാസർകോട് ജില്ലയിൽ ഇത്തവണ അകെ 85,587 പുതിയ വോട്ടുകളുണ്ട്. 21 ദിവസങ്ങൾ നീണ്ടുനിന്ന പ്രചാരണ കൊടുങ്കാറ്റുകൾക്ക് ശേഷം വോട്ടെടുപ്പ് ദിവസവും മുന്നണികൾ ഒരേസമയം പ്രതീക്ഷയോടെയും ആശങ്കയോടെയും കാണുന്നത് പുതിയ വോട്ടർമാരുടെ നിലപാടുകളെയാണ്. യുവാക്കളുടെ മനസ് ആരുടെകൂടെ നിൽക്കുമെന്ന വിഷയത്തിൽ ഒരു വ്യക്തതയും മുന്നണി സ്ഥാനാർത്ഥികൾക്കില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിൽ നടന്ന അവസാന മണിക്കൂറുകളിലെ കൂട്ടലിലും കിഴിക്കലിലും കന്നി വോട്ടുകൾ ഗണിച്ചെടുക്കാൻ മുന്നണി നേതാക്കൾക്ക് കഴിഞ്ഞിട്ടില്ലെന്നാണ് അറിവ്. മുമ്പില്ലാത്ത വിധം പുതിയ വോട്ടിലുണ്ടായ വർദ്ധനവും നിർണ്ണായകമാണ്.
നിലവിലുള്ള വോട്ടർമാരുടെ രാഷ്ട്രീയ സ്വഭാവവും വോട്ടിംഗ് രീതിയും മുന്നണികൾക്ക് ഏറെക്കുറെ ധാരണയുണ്ടെങ്കിലും പുതിയ വോട്ടർമാർ പോളിംഗ് ബൂത്തിൽ ആരെ തുണയ്ക്കുമെന്നത് ഫലം വന്നശേഷമേ വ്യക്തമാകൂ. മുന്നണികളുടെ വിജയസാധ്യതാ കണക്കുക്കൂട്ടലുകൾ തെറ്റിക്കുന്നതും ഈ ഘടകമാണ്.
അഞ്ച് മണ്ഡലങ്ങളിലും കഴിഞ്ഞ തവണ വിജയിച്ചവർക്ക് കിട്ടിയ ഭൂരിപക്ഷത്തേക്കാൾ പുതിയ വോട്ടർമാരുണ്ട് എന്നതും വലിയ ആശങ്കയാണ്.
മഞ്ചേശ്വരത്ത് കൂടുതൽ 21,527
സംസ്ഥാനത്തെ ഏറ്റവും ശക്തമായ മത്സരം നടക്കുന്നതും കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും നേരിയ വ്യത്യാസത്തിൽ മാത്രം ബി.ജെ.പിയുടെ കെ. സുരേന്ദ്രൻ രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്ത മഞ്ചേശ്വരത്താണ് ഏറ്റവും കൂടുതൽ പുതിയ വോട്ടർമാരുള്ളത് -21,527 പേർ. സ്ഥിരമായി ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ളതും ഇത്തവണ എൻ.ഡി.എ അട്ടിമറിപ്രതീക്ഷിക്കുന്നതുമായ കാസർകോട് മണ്ഡലമാണ് തൊട്ടുപിന്നിൽ - 21,158 പേർ. മഞ്ചേശ്വരത്ത് ആകെ വോട്ടിന്റെ 10 ശതമാനത്തോളം പുതിയ വോട്ടർമാരാണെങ്കിൽ കാസർകോട് 10 ശതമാനത്തിലേറെയുണ്ട്. ഉദുമയിൽ 18,180 പുതിയ വോട്ടർമാരുണ്ട്. കാഞ്ഞങ്ങാട് 13,273 ഉം തൃക്കരിപ്പൂരിൽ 11,449 ഉം പുതിയ വോട്ടർമാരുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |