കൊല്ലം: കൂട്ടിക്കട റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കലിനായി അടുത്തമാസം ആദ്യം കല്ലുകൾ സ്ഥാപിക്കും. നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ റൗണ്ട് എബൗട്ട് നിർമ്മാണത്തിനായി വരുത്തിയ മാറ്റങ്ങൾ സഹിതം രൂപരേഖ സ്ഥലമേറ്റെടുപ്പ് വിഭാഗത്തിന് കൈമാറി.
തട്ടാമല - കൂട്ടിക്കട റോഡിൽ തുടങ്ങി കൂട്ടിക്കട - തിരുമുക്ക് റോഡിൽ അവസാനിക്കുന്ന തരത്തിലാണ് ഓവർബ്രിഡ്ജ്. അപ്രോച്ച് റോഡുകൾ സഹിതം 462.811 മീറ്ററാണ് ആകെ നീളം. 10.2 മീറ്ററാണ് വീതി. 52.24 കോടി രൂപ ഓവർബ്രിഡ്ജ് നിർമ്മാണത്തിനായി കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. നിലവിലെ ലെവൽക്രോസിൽ നിന്ന് തട്ടാമല ഭാഗത്തേക്ക് മാറിയാണ് ഓവർബ്രിഡ്ജ് റെയിൽവേ ലൈയ‌്നിനെ മറികടക്കുന്നത്.
നിർമ്മാണം ഉടൻ
ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിർത്തി തിരിച്ച് കല്ലുകൾ സ്ഥാപിക്കുന്നതിന് പിന്നാലെ സാമൂഹ്യ പ്രത്യാഘാത പഠനം ആരംഭിക്കും. അതിനൊപ്പം തന്നെ ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാംശങ്ങൾ ശേഖരിക്കും. ഏറെ വൈകാതെ നഷ്ടപരിഹാര പാക്കേജും തയ്യാറാക്കും. തടസങ്ങളില്ലെങ്കിൽ ഒരു വർഷത്തിനകം നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. നഷ്ടപരിഹാര വിതരണം ആരംഭിച്ചാലുടൻ ടെണ്ടർ നടപടികളും തുടങ്ങും. കല്ലിടലിന് മുന്നോടിയായി ആർ.ബി.ഡി.സി.കെ- റവന്യു വകുപ്പ് സംഘം വൈകാതെ സംയുക്ത സ്ഥല പരിശോധന നടത്താനും സാദ്ധ്യതയുണ്ട്.
വെെകിപ്പിച്ചത് റൗണ്ട് എബൗട്ട്
രണ്ട് മാസം മുൻപേ ഏറ്റെടുക്കുന്ന സ്ഥലങ്ങൾ വേർതിരിച്ച് കല്ലിടേണ്ടതായിരുന്നു. ആർ.ഒ.ബിക്ക് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് നാല് മാസം മുൻപ് റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ മയ്യനാട്, ഇരവിപുരം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ആർ.ഒ.ബിയിലേക്ക് കയറാൻ എത്തുന്ന കൂട്ടിക്കട ചന്തക്കടയിൽ റൗണ്ട് കൂടി നിർമ്മിക്കാൻ രൂപരേഖ പരിഷ്കരിച്ചതോടെയാണ് നടപടികൾ വൈകിയത്. ഭൂമി അല്പം കൂടി ഏറ്രെടുക്കേണ്ടി വരുമെങ്കിലും കെട്ടിടങ്ങളെ ബാധിക്കാത്ത തരത്തിലാണ് റൗണ്ട് എബൗട്ടിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |