SignIn
Kerala Kaumudi Online
Friday, 26 April 2024 8.14 PM IST

ബ്രഹ്മപുരം മോഡൽ അഗ്നിബാധ

fire
അഗ്നിബാധ

 അഞ്ചാലുംമൂട്ടിൽ നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യസംഭരണ കേന്ദ്രം അഗ്നിക്കിരയായി

 കരിമേഘം പോലെ ആകാശത്തേക്ക് കറുത്ത പുക, ആശങ്ക

കൊല്ലം: അഞ്ചാലുംമൂട്ടിൽ പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവൃത്തിച്ചിരുന്ന നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം അഗ്നിക്കിരയായി. ചാമക്കട, കടപ്പാക്കട, ചവറ, കുണ്ടറ എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തി മൂന്ന് മണിക്കൂറോളമെടുത്താണ് തീ പൂർണമായും കെടുത്തിയത്.

ഇന്നലെ ഉച്ചക്ക് 2.45നായിരുന്നു സംഭവം. കോർപ്പറേഷൻ പരിധിയിൽ നിന്നും മറ്റും ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംഭരിച്ച് വേർതിരിക്കുന്ന എം.സി.എഫായി പ്രവർത്തിച്ച് വരികയായിരുന്നു പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടം. പ്ലാസ്റ്റിക്ക് ഉൾപ്പെടെ 50ടൺ മാലിന്യമാണ് ഇവിടെ ഉണ്ടായിരുന്നത്. 2.45ഓടെ കെട്ടിടത്തിന് പിറകിൽ നിന്ന് പുക ഉയരുന്ന ശ്രദ്ധിച്ച പ്രദേശവാസികളാണ് വിവരം അഞ്ചാലുംമൂട് പൊലീസിലും അഗ്‌നിരക്ഷാസേനയിലും അറിയിച്ചത് . തീപിടിത്തമുണ്ടായ കെട്ടിടത്തിന് തൊട്ടടുത്ത കെട്ടിടത്തിൽ നാലോളം സ്ത്രീകൾ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുന്നു. സമീപ സ്ഥാപനത്തിലെ ജീവനക്കാരെത്തി പുക ഉയരുന്നതായി അറിയിച്ചതിനെ തുടർന്നാണ് ഇവർ കെട്ടിടത്തിൽ നിന്ന് ഇറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്.

കെട്ടിടത്തിന്റെ പിൻവശത്ത് പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും ഒന്നിച്ചുകൂട്ടിയിട്ടിരിക്കുകയായിരുന്നു. സമീപകെട്ടിടത്തിലെ ആരെങ്കിലും പുകവലിച്ച ശേഷം സിഗരറ്റ് കുറ്റിയോ, സിഗരറ്റ് കത്തിച്ച തീകൊള്ളിയോ അലക്ഷ്യമായി വലിച്ചെറിഞ്ഞതാകാം തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് മാലിന്യം കൂടുതലുണ്ടായിരുന്നതിനാൽ കെട്ടിടത്തിന് പിന്നിലെ മരച്ചുവട്ടിൽ കത്തിയ തീ പെട്ടെന്ന് കെട്ടിടത്തിലേക്കും അതിനുള്ളിലെ പ്ലാസ്റ്റിലേക്കും പടർന്നുപിടിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ജനലുകളെല്ലാം പൊട്ടിത്തെറിച്ചു. രണ്ടാമത്തെ നിലയിലുണ്ടായിരുന്ന പ്ലാസ്റ്റിക്കാണ് കൂടുതലായി അഗ്നിക്കിരയായത്.

അമ്പതോളം ഫയർമാൻമാർ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വലിയ അളവിൽ പാതി കത്തിയ പ്ലാസ്റ്റിക് അവശേഷിച്ചതിനാൽ വീണ്ടും തീപിടിത്തം ഉണ്ടാകാതിരിക്കാൻ ഫയർഫോഴ്സ് സംഘം കെട്ടിടത്തിനുള്ളിൽ കയറി മാലിന്യം പല ഭാഗങ്ങളിലേക്ക് നീക്കി വെള്ളമൊഴിച്ച ശേഷമാണ് മടങ്ങിയത്. തീപിടിത്തത്തിൽ മൂന്ന് ലക്ഷംരൂപയുടെ നഷ്ടമുണ്ടായതായി അഗ്‌നിരക്ഷസേന അംഗങ്ങൾ പറഞ്ഞു. ജില്ല ഫയർ ഓഫീസർ വി.സി. വിശ്വനാഥ്, കടപ്പാക്കട സ്‌റ്റേഷൻ ഓഫീസർ ഡി.ബൈജു, ചാമക്കട സ്‌റ്റേഷൻഓഫീസർ സുരേഷ്‌കുമാർ, അസിസറ്റന്റ് സ്‌റ്റേഷൻ ഓഫീസർ വിക്ടർദേവ് എന്നിവരുടെ നേതൃത്വത്തിലാണ് തീ കെടുത്തിയത്.

മൂന്ന് പേർക്ക് ദേഹാസ്വസ്ഥ്യം

പ്ലാസ്റ്റിക് കത്തിയുണ്ടായ പുക ശ്വസിച്ച ഒരു ഫയർമാനും രണ്ട് നാട്ടുകാർക്കും ചെറിയ രീതിയിൽ ദേഹാസ്വാസ്ഥ്യമുണ്ടായി. സ്ഥലത്തെത്തിയ സമീപത്തെ സ്വകാര്യ ആശുപത്രി ഡോക്ടർമാരുടെ സംഘം ഇവർക്ക് വൈദ്യസഹായം ലഭ്യമാക്കി.

വിഷപ്പുകയാൽ കറുത്തിരുണ്ട് അന്തരീക്ഷം

മാലിന്യം കത്തി ഉണ്ടായ വിഷപ്പുകയിൽ ബ്ലോക്ക് ഓഫീസ് പരിസരത്തെ അന്തരീക്ഷം ഏറെ നേരെ കറുത്തിരുണ്ട് നിന്നു. അതുകൊണ്ട് തന്നെ സമീപവാസികൾ ശ്വാസമടക്കി പിടിച്ചാണ് നിമിഷങ്ങൾ തള്ളിനീക്കിയത്. ആകാശത്തേക്ക് കറുത്തിരുണ്ട പുക ഉയരുന്നത് കണ്ട് സമീപവാസികൾ സ്ഥലത്തേക്ക് എത്തിയെങ്കിലും വിഷവായു ആയതിനാൽ പലരും അതിവേഗം സ്ഥലം വിട്ടു. രാത്രി വൈകിയും പ്രദേശത്ത് പ്ലാസ്റ്റിക് കരിഞ്ഞതിന്റെ ദുർഗന്ധം നീങ്ങിയിട്ടില്ല. മീറ്ററുകൾക്ക് അപ്പുറത്തുള്ളവർ ജനലും വാതിലും അടച്ചിട്ടും കറുത്ത പുക വീട്ടിനുള്ളിലേക്ക് വ്യാപിച്ചു.

മുന്നറിയിപ്പ് അവഗണിച്ചു

വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരിക്കുന്ന ഇവിടെ തീപിടിത്തത്തിന് സാദ്ധ്യതയുണ്ടെന്ന് ഫയർഫോഴ്സ് മാസങ്ങൾക്ക് മുമ്പേ നഗരസഭയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അധികൃതർ അവഗണിക്കുകയായിരുന്നു.

സംസ്കരണത്തിന് വേഗതയില്ല

വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യം വേർതിരിക്കുന്നതിലെ വേഗതക്കുറവാണ് ബ്ലോക്ക് ഓഫീസ് കെട്ടിടത്തിൽ മാലിന്യം കുന്നുകൂടാൻ കാരണം. തീപിടിത്തം നടക്കുമ്പോൾ ക്ലീൻ കേരള കമ്പനിയിലെ തൊഴിലാളികൾ സംസ്കരണത്തിനായി കൊണ്ടുപോകാൻ, മാലിന്യം ലോറിയിലേക്ക് കയറ്റുകയായിരുന്നു. പ്ലാസ്റ്റിക്ക് സംസ്കരിക്കാൻ ഉപയോഗിക്കുന്ന ബെയിലിംഗ് ഷ്രെഡിംഗ് മെഷീനുകൾ തൊട്ടടുത്ത കെട്ടിടത്തിൽ ആയതിനാൽ അഗ്നിബാധ ബാധിച്ചില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.