കൊല്ലം: കർണാടകയിൽ ബിരുദ വിദ്യാഭ്യാസത്തിന് അഡ്മിഷൻ വാങ്ങി നൽകി സ്‌കോളർഷിപ്പ് ലഭ്യമാക്കാനെന്ന പേരിൽ ലോണെടുത്ത് പണം തട്ടിയതായി വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിച്ചു. കർണാടക തിരുമനഹള്ളയിലുള്ള സ്വകാര്യ കോളേജിൽ ബി.ബിഎ ഏവിയേഷൻ കോഴ്‌സിന് ചേർന്ന വിദ്യാർത്ഥികളിൽ നിന്ന് കൊല്ലം മേലില സ്വദേശി ശ്യാംകുമാറും സംഘവും പണം തട്ടിയതായി ഇവർ പത്രസമ്മേളനത്തിൽ പറഞ്ഞു. 200 ഓളം പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായി. ഇതിൽ 20 ഓളം പേർക്ക് ബാങ്ക് നടപടികൾ സ്വീകരിക്കുമെന്ന് കാട്ടി നോട്ടീസ് ലഭിച്ചു. ബിരുദ കോഴ്‌സിന് ചേരുന്നതിനായി കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് 70000 മുതൽ 80000 രൂപ വരെ ഫീസിനത്തിൽ വാങ്ങുകയും ബാക്കി തുക സ്കോളർഷിപ്പായി ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. അഡ്മിഷൻ തരപ്പെടുത്തി നൽകിയെങ്കിലും കോളേജിൽ ഫീസ് കെട്ടുകയോ ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കുകയോ ചെയ്തില്ല. സൗകര്യങ്ങളൊന്നുമില്ലാത്ത മറ്റൊരിടത്ത് താമസ സൗകര്യം ഒരുക്കി നൽകിയെങ്കിലും പിന്നീട് അവിടെ നിന്ന് ഇറക്കിവിടുന്ന സാഹചര്യവുമുണ്ടായി. സ്‌കോളർഷിപ്പ് ലഭ്യമാക്കാനെന്ന പേരിൽ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ആധാർ, പാൻ കാർഡുകൾ എന്നിവ കരസ്ഥമാക്കി സ്വകാര്യബാങ്കിൽ നിന്ന് ഓരോ വിദ്യാർത്ഥിയുടെയും പേരിൽ 4.5 ലക്ഷം വീതം വായ്പയെടുത്ത് സ്വന്തമാക്കുകയായിരുന്നു. മാസ തവണകൾ രക്ഷിതാക്കളുടെ അക്കൗണ്ടിൽ നിന്ന് ഈടാക്കി തുടങ്ങിയപ്പോഴാണ് പലരും തട്ടിപ്പ് അറിയുന്നത്. ഒന്നാം വർഷ കോഴ്സ് പൂർത്തിയാക്കിയെങ്കിലും ഫീസ് കുടിശികയുള്ളതിനാൽ തുടർ പഠനവും മുടങ്ങിയ അവസ്ഥയാണുള്ളത്. ഇത് ചോദ്യം ചെയ്ത തങ്ങളെ പൂട്ടിയിട്ടതായും സുഹൃത്തുക്കളുടെ സഹായത്തോടെ രക്ഷപ്പെട്ടതായും വിദ്യാർത്ഥികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |