കരുനാഗപ്പള്ളി: ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതി പ്രാതിനിദ്ധ്യത്തിലെ ജാതി വിവേചനത്തിനെതിരെയുള്ള രണ്ടാംഘട്ട സമരം ശക്തമാക്കുന്നു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി, കായംകുളം, ചാരുംമൂട് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സമരം.
ജാതി വിവേചനത്തിനെതിരെയുള്ള രണ്ടാംഘട്ട സമരം സംഘടിപ്പിക്കാൻ ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗമാണ് തീരുമാനിച്ചത്. ഒന്നാംഘട്ട സമരത്തിന്റെ ഭാഗമായി ഓച്ചിറ ക്ഷേത്രാങ്കണത്തിൽ നാമജപയജ്ഞവും ഭക്തജന സംഗമവും സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ശ്രീനാരായണീയരാണ് സംഗമത്തിൽ പങ്കെടുത്തത്.
പ്രശ്നപരിഹാരത്തിന് മൂന്ന് യൂണിയനുകളും സംയുക്തമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ മൂന്നാഴ്ച പിന്നിടുമ്പോഴും പ്രശ്നപരിഹാരത്തിന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് രണ്ടാംഘട്ട സമരം ശക്തിപ്പെടുത്താൻ ശാഖാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചത്.
വിഷുദിനമായ 15ന് രാവിലെ 9 മുതൽ ക്ഷേത്രാങ്കണത്തിൽ സത്യഗ്രഹം അനുഷ്ഠിക്കാനാണ് തീരുമാനം. പ്രശ്നപരിഹാരത്തിൽ ബന്ധപ്പെട്ടവർ അലംഭാവം കാട്ടിയാൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രം ഓഫീസിന്റെ പ്രവർത്തനം പൂർണമായും സ്തംഭിപ്പിക്കും. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശാഖാ തലത്തിൽ വിപുലമായ പ്രവർത്തക സമ്മേളനങ്ങൾ ചേർന്നു. ശാഖാ പ്രവർത്തകർ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് പ്രവർത്തകർ, മറ്റ് പോഷക സംഘടനാ ഭാരവാഹികൾ എന്നിവരും സമരത്തിൽ കണ്ണികളാകുമെന്ന് കരുനാഗപ്പള്ളി യൂണിയൻ നേതാക്കളായ കെ.സുശീലനും എ.സോമരാജനും അറിയിച്ചു.
കരുനാഗപ്പള്ളി യൂണിയൻ പ്രാർത്ഥനാഹാളിൽ ചേർന്ന ശാഖാ ഭാരവാഹികളുടെ യോഗം യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കെ.ആർ.വിദ്യാധരൻ, എസ്.സലിംകുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ രാജൻ കാരമൂട്ടിൽ, കെ.ബി.ശ്രീകുമാർ, വിനോദ്കുമാർ, അനിൽ ബാലകൃഷ്ണൻ, ടി.ഡി.ശരത്ത് ചന്ദ്രൻ, ക്ലാപ്പന ഷിബു, വനിതാ സംഘം നേതാക്കളായ അംബികാദേവി, മധുകുമാരി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സിബു നീലികുളം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |