കൊല്ലം: ഇ.എസ്.ഐ ആനുകൂല്യത്തിനുള്ള തൊഴിലാളികളുടെ വരുമാന പരിധി 21000 രൂപയിൽ നിന്ന് 50,000 രൂപയായി വർദ്ധിപ്പിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ന്യുഡൽഹിയിൽ നടന്ന ഇ.എസ്.ഐ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. വിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര തൊഴിൽ മന്ത്രി അറിയിച്ചു.
കശുഅണ്ടി തൊഴിലാളികൾക്ക് സൂപ്പർ സെപ്ഷ്യാലിറ്റി ചികിത്സ ലഭിക്കാൻ 6 മാസത്തിൽ 78 ഹാജർ വേണമെന്ന വ്യവസ്ഥ അപ്രായോഗികമാണെന്നും കശുവണ്ടി മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് ഹാജർ നില പകുതിയാക്കി ആറ് മാസത്തേയ്ക്ക് 39 എന്ന് നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വിഷയം പ്രത്യേകം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും.
ഓട്ടോടാക്‌സി തൊഴിലാളികൾ, എൽ.ഐ.സി ഏജന്റുമാർ, അങ്കണവാടി - ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി അസംഘടിത മേഖലയിലെ വിവിധ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കാൻ നടപടി ത്വരിതപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു. ഇ.എസ്.ഐ ജീവനക്കാർക്ക് എംപാനൽ ആശുപത്രികളിൽ നേരിട്ട് ചികിത്സ ലഭിക്കാനുള്ള സൗകര്യം ലഭ്യമാക്കണം. കൊല്ലം ആശ്രാമം ഇ.എസ്.ഐ മോഡൽ ആൻഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ സമഗ്ര വികസനത്തിനും മാനവവിഭവ ശേഷി ശാക്തീകരണത്തിനും സത്വര നടപടി ആവശ്യപ്പെട്ടു.
സ്വകാര്യ ഏജൻസിയുമായുള്ള കരാർ അവസാനിച്ചതോടെ കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനങ്ങിലുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ ഇ.എസ്.ഐ നേരിട്ട് കാർഡിയോളജി ചികിത്സ ആരംഭിക്കാൻ നടപടി സ്വീകരിക്കണം. ന്യൂറോളജി, യുറോളജി, എൻഡോ ക്രൈകനോളജി, ഗാസ്‌ട്രോ എൻട്രോളജി തുടങ്ങി സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ സൂപ്പർ സ്‌പെഷ്യാലിറ്റി യോഗ്യതയുള്ള സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തുക, സ്‌പെഷ്യാലിറ്റി ഡിപ്പാർട്ട്‌മെൻറുകളിൽ കൂടുതൽ ഡോക്ടന്മാരുടെ തസ്തിക സൃഷ്ടിക്കുക, സൂപ്പർ സെപ്ഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങളില്ലാത്ത ഡിപ്പാർട്ട്‌മെന്റുകളിലെ ചികിത്സയ്ക്കുള്ള റഫറൽ വ്യവസ്ഥകൾ ഉദാരമാക്കുക, ആശ്രാമം ഇ.എസ്.ഐ ആശുപത്രിയുടെ കെട്ടിട നിർമ്മാണവും മറ്റ് അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കുന്നതിനും സത്വര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ആശ്രാമം ഇ.എസ്.ഐ മോഡൽ ആൻഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ വികസനം ഉറപ്പ് വരുത്താനും ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമുള്ള സമഗ്ര പദ്ധതിക്ക് രൂപം നൽകാൻ ഇ.എസ്.ഐ ഡയറക്ടർ ജനറൽ അശോക് കുമാർ സിംഗ് ആശുപത്രി നേരിൽ സന്ദർശിക്കും.
എൻ.കെ.പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |