കൊല്ലം: ജില്ലാ ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാൻ രോഗികൾ മണിക്കൂറുകളോളം ചൂടത്ത് വിയർത്ത് കുളിച്ച് കാത്തിരിക്കണം. ടോക്കണെടുക്കാനും മറ്റും വെന്തുരുകിയാണ് ക്യൂ നിൽക്കുന്നത്. ഫാനില്ലാത്തതാണ് രോഗികളെ ബുദ്ധിമുട്ടിക്കുന്നത്.
ഫാർമസിയും നേത്രരോഗ പരിശോധന വിഭാഗവും ലബോറട്ടറിയും ഇവിടെയാണ് പ്രവർത്തിക്കുന്നത്. പ്രായമായവരും കുട്ടികളും ഉൾപ്പടെ ദിവസവും നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്. ഷീറ്രിട്ട മേൽക്കൂരയ്ക്ക് താഴെ വായുസഞ്ചാരം കുറവായതും രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരുപോലെ വലയ്ക്കുകയാണ്. ഷീറ്റ് ഉയരത്തിലാണെങ്കിലും പുറത്തുള്ളതിനേക്കാൾ ചൂടാണ് അകത്ത്.
മരുന്ന് വാങ്ങാനും ലബോറട്ടറിയിൽ പരിശോധന നടത്താനും മറ്റുമായി വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ചൂടത്ത് മണിക്കൂറുകറോളം ക്യൂ നിൽക്കേണ്ടി വരുന്നതിനാൽ പലരും തളർന്ന് വീഴുന്നത് പതിവാണ്. വിശാലമായ കാത്തിരിപ്പ് കേന്ദ്രമാണെങ്കിലും ആവശ്യമായ ശീതീകരണ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. താത്കാലികമായെങ്കിലും ഫാനുകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.
ക്യൂ നിന്ന് തളരും
ജില്ലാ ആശുപത്രിയിൽ എത്തുന്നവർ ക്യൂ നിന്ന് മടുക്കും
കനത്ത ചൂട് മറികടക്കാൻ ശീതീകരണ സംവിധാനങ്ങളില്ല
നാലുവശവും കെട്ടിടമായതിനാൽ വായു സഞ്ചാരം കുറവ്
ഇ- ഹെൽത്തിൽ ഇല്ലാത്തതിനാൽ ക്യൂ നിന്ന് വേണം ഒ.പി ടിക്കറ്റെടുക്കാൻ
ഇതിന് പുറമേ അഞ്ചോളം ക്യൂ നിന്നെങ്കിലേ മരുന്നടക്കം വാങ്ങി പുറത്തിറങ്ങാനാകൂ
സൂക്ഷിച്ചില്ലേൽ തലപൊളിയും
ഫാർമസിയിൽ എത്തുന്നവർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് അടർന്ന കോൺക്രീറ്റ് പാളികൾ. ഫാർമസിയിലേക്ക് കയറുന്ന ഭാഗത്ത് മുകൾഭാഗത്തെ കോൺക്രീറ്റാണ് അടർന്നുവീഴുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിൽ സീറ്റ് കിട്ടാതെ വരുമ്പോൾ ആളുകൾ ഇവിടെയാണിരിക്കുന്നത്. അപകട ഭീഷണി ഉയർന്നിട്ടും സുരക്ഷ ഒരുക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
ചൂട് സഹിക്കാൻ കഴിയുന്നില്ല. മരുന്ന് ചീട്ട് വീശിയാണ് അല്പം ആശ്വാസം നേടുന്നത്. ഇപ്പോ ഇങ്ങനെയാണെങ്കിൽ വേനൽ കനക്കുമ്പോൾ ഓർക്കാനേ വയ്യ.
രാധാമണി, രോഗിയുടെ ബന്ധു, കിളികൊല്ലൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |