കൊല്ലം: കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിൽ. 37 ഡിഗ്രി സെൽഷ്യസ് വരെയാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. സാധാരണയേക്കാൾ 2-3 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
കൂടാതെ പലയിടത്തും സൂര്യരശ്മിയിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണതോതും വർദ്ധിച്ചു. ജില്ലയിൽ സ്ഥാപിച്ച അൾട്രാവയലറ്റ് മീറ്ററുകളിൽ നിന്ന് ദിവസവും വികിരണത്തിന്റെ സൂചിക പ്രസിദ്ധീകരിക്കാറുണ്ട്. സൂചിക പ്രകാരം കഴിഞ്ഞ ദിവസം എട്ടാണ് കൊട്ടാരക്കരയിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ തന്നെ ഉയർന്ന സൂചിക നിരക്കാണിത്. സൂചിക എട്ട് മുതൽ 10 വരെയാണെങ്കിൽ ഓറഞ്ച് മുന്നറിയിപ്പാണ് നൽകുന്നത്. 11ന് മുകളിലാണ് ഗുരുതര സാഹചര്യം. ചുവപ്പ് മുന്നറിയിപ്പായിരിക്കും അപ്പോൾ. ആറ് മുതൽ ഏഴ് വരെ മഞ്ഞ മുന്നറിയിപ്പ്.
ഉയർന്ന തോതിൽ അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സൂര്യാതപം ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും സാരമായ പൊള്ളലിനും കാരണമാകും. ഉയർന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ സജ്ജീകരിക്കും.
അതേ സമയം വരും ദിവസങ്ങളിൽ ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആകാശം കൂടുതൽ മേഘാവൃതമാകുമെന്നതിനാൽ ചൂട് കുറയും.
ചർമ്മത്തിൽ കാൻസർ സാദ്ധ്യത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |