ലീഗൽ മെട്രോളജി ഭവന് സമീപം റോഡിൽ അപകടക്കെണി
കൊല്ലം: കർബല- റെയിൽവേ സ്റ്റേഷൻ റോഡിലൂടെ സഞ്ചരിക്കുന്നവരെ വീഴ്ത്താൻ കുഴികൾ നിറഞ്ഞിട്ടും അധികൃതർ ഗൗനിക്കുന്നില്ല. ഡ്രൈവർമാരുടെ ശ്രദ്ധ തെല്ലൊന്ന് പാളിയാൽ വാഹനം കുഴിയിൽ ചാടും. ഇങ്ങനെ ചാടുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റി വഴിയാത്രക്കാർക്കു നേരെ എത്തുമ്പോൾ പലരും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെടുന്നത്.
ലീഗൽ മെട്രോളജി ഭവന് സമീപം റോഡിന്റെ നടുവിലാണ് ആഴമുള്ള കുഴികൾ പ്രത്യക്ഷപ്പെട്ടത്. അടുത്തെത്തിയാൽ മാത്രം കുഴി ശ്രദ്ധയിൽപെടുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽ വീഴാതിരിക്കാൻ പെട്ടന്ന് വെട്ടിച്ചുമാറ്റുമ്പോൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. മഴസമയത്ത് വെള്ളം കുഴികളിൽ നിറയുമ്പോൾ ആഴം വ്യക്തമാകാത്തതും അപകടത്തിന് കാരണമാകുന്നു.
അധികം തിരക്കില്ലാത്ത റോഡായതിനാൽ വാഹനങ്ങൾ നല്ല വേഗത്തിണ് ഇതുവഴി കടന്നുപോകുന്നത്. ഇതും അപകടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. അപകടം ഒഴിവാക്കാനായി ആരോ വലിയ ഒരു കല്ല് കുഴിയിൽ ഇട്ടിട്ടുണ്ട്. ചെമ്മാമുക്ക് ഭാഗത്ത് നിന്ന് കർബല റോഡിലേക്ക് പ്രവേശിക്കുന്നിടം മുതൽ ചെറുതും വലുതുമായ നിരവധി കുഴികളുണ്ട്. ഇവ യാത്രക്കാർക്ക് സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. കൂടാതെ റോഡിന്റെ പലഭാഗങ്ങളിലെയും ടാറിംഗിലെ ഉയരവ്യതാസവും അപകടങ്ങൾക്ക് വഴിതെളിക്കുന്നു. ഒരു വശത്ത് മാത്രം റീ ടാർ ചെയ്തതിനാൽ ഉയർന്നും താഴ്ന്നുമാണ് റോഡിന്റെ അവസ്ഥ.
അനങ്ങാതെ അധികൃതർ
റോഡിലെ കുഴികൾ അടയ്ക്കണമെന്നും എത്രയും വേഗം റോഡ് ഒരേ നിരപ്പാക്കി അപകടാവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ പരാതികൾ നൽകിയിട്ടുണ്ട്. പക്ഷേ, യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഈ കുഴി പെട്ടന്ന് ശ്രദ്ധയിൽപ്പെടില്ല. അടുത്തെത്തുമ്പോഴാണ് കാണുന്നത്. പെട്ടന്ന് വണ്ടി വെട്ടിക്കുമ്പോൾ മറ്റു വാഹനങ്ങളിൽ തട്ടാനും മറിഞ്ഞ് വീഴാനുമുള്ള സാദ്ധ്യത വളരെ കൂടുതലാണ്
വിപിൻ, ഇരുചക്രവാഹന യാത്രക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |