കൊല്ലം: വെളിച്ചെണ്ണ വില പിടിതരാതെ വഴുതി നീങ്ങുന്നതിനിടെ, ഗുണനിലവാരം ഉറപ്പാക്കാനും വില നിയന്ത്രിക്കാനും 'ഓപ്പറേഷൻ നാളികേര'യുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. വെളിച്ചെണ്ണ ഉത്പാദന, വിതരണ, വില്പന കേന്ദ്രങ്ങളിലാണ് പരിശോധന.
അമിത ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ, വില കുറഞ്ഞ പാംകേർണൽ ഓയിലുകൾ ഉൾപ്പടെ ഉപയോഗിച്ചാണ് വ്യാജ വെളിച്ചെണ്ണ തയ്യാറാക്കുന്നത്.
ചക്കിലാട്ടിയ ശുദ്ധമായ എണ്ണ എന്നെഴുതിയും വ്യാജന്മാർ വിപണിയിലുണ്ട്. ഇങ്ങനെ ബ്രാൻഡ് പേരിലെത്തുന്ന കമ്പനികൾക്കെതിരെ കേസെടുക്കും. ഓപ്പറേഷൻ നാളികേരയുടെ ഭാഗമായി ജില്ലയിലെ 76 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ശേഖരിച്ച സാമ്പികളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ. അനലിസ്റ്റ്സ് ലാബിലേക്ക് അയച്ചു. നിലവിൽ സ്ഥാപനങ്ങൾക്കൊന്നും നോട്ടീസ് നൽകിയിട്ടില്ല. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ സംശയം തോന്നിയാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകാം.
വ്യാജനെ അറിയാൻ
ചില്ലുഗ്ളാസിൽ കുറച്ച് വെളിച്ചെണ്ണ അര മണിക്കൂർ ഫ്രിഡ്ജിൽ (ഫ്രീസറിലല്ല) വയ്ക്കുക
ശുദ്ധമായ വെളിച്ചെണ്ണ കട്ടയാകും
മറ്റെന്തെങ്കിലും കലർന്നിട്ടുണ്ടെങ്കിൽ അവ വേറിട്ട് നിൽക്കും
രാസസംയുക്തം കലർന്നിട്ടുണ്ടോ എന്നറിയാൻ
രണ്ട് വ്യത്യസ്ത ഗ്ലാസുകളിൽ 2 മില്ലി എണ്ണയെടുക്കുക
രണ്ട് ഗ്ലാസുകളിലും ഒരു ചെറിയ കഷണം വെണ്ണയിടുക (യെല്ലോ ബട്ടർ)
മായമുണ്ടെങ്കിൽ എണ്ണയുടെ മുകളിലെ പാളിയുടെ നിറം ചുവപ്പാകും
ടോൾ ഫ്രീ നമ്പർ
1800 425 1125
'ഓപ്പറേഷൻ നാളികേര" പരിശോധന പുരോഗമിക്കുകയാണ്. മായം ചേർത്ത വെളിച്ചെണ്ണ വില്പനയ്ക്കെതിരെ പൊതുജനം ജാഗ്രത പാലിക്കണം.
ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |