കൊല്ലം: ചാത്തന്നൂർ മീയണ്ണൂരിന് സമീപം കൈതക്കുഴിയിൽ എം.ജി.എം ഗ്രൂപ്പിന്റെ ഫാർമസി കോളേജ് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. എം.ജി.എം അക്കാഡമി ഒഫ് ഫാർമസി എന്ന പേരിലാണ് ബി.ഫാം, ഡി.ഫാം കോഴ്സുകളോടെ ഫാർമസി കോളേജ് ആരംഭിച്ചത്.
എം.ജി.എം എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ അദ്ധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവും മുൻ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പുതിയ ഫാർമസി ബ്ളോക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ജി.എസ്.ജയലാൽ എം.എൽ.എ, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ.എസ്.ചന്ദ്രൻ, ഫാ.ജോൺസൺ മുളമൂട്ടിൽ, ഫാ. സി.ഡി.രാജൻ, ഫാ.ജേക്കബ് ജോൺ എന്നിവർ സംസാരിച്ചു. എക്സി.ഡയറക്ടർ ഡോ. എച്ച്.അഹിനസ് സ്വാഗതവും പ്രിൻസിപ്പൽ പ്രൊഫ. ഡോ.കെ.സുജിത്ത് നന്ദിയും പറഞ്ഞു.
കുട്ടികൾ സ്വപ്നം കാണണം: എ.എൻ.ഷംസീർ
സ്കൂൾ പഠനകാലത്തുതന്നെ താൻ ആരായി തീരണമെന്നും എവിടെ എത്തിച്ചേരണമെന്നുമുള്ള കാര്യത്തിൽ കുട്ടികൾ സ്വപ്നം കാണണമെന്ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. കൈതക്കുഴിയിൽ എം.ജി.എം അക്കാഡമി ഒഫ് ഫാർമസിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമമാണ് വേണ്ടത്. ഫാർമസി കോഴ്സുകൾക്ക് ഇപ്പോൾ വലിയ ഡിമാൻഡുള്ള കാലമാണ്. യൂറോപ്യൻ രാജ്യങ്ങളിലാണ് വലിയ സാദ്ധ്യത. എം.ജി.എം ഗ്രൂപ്പിന് കീഴിൽ അഞ്ചാമത് ഫാർമസി കോളേജ് കൊല്ലത്ത് ആരംഭിക്കുന്നത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാതെയാണ് എം.ജി.എം ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ട് പോകുന്നത്. ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ ആർക്കും വിസ്മരിക്കാൻ കഴിയാത്ത ശ്രദ്ധേയ ഇടം നേടിയെടിക്കാനുമായെന്നും എ.എൻ.ഷംസീർ കൂട്ടിച്ചേർത്തു.
പ്രവേശനം
നാലുവർഷ ബിരുദ കോഴ്സായ ബി.ഫാം, രണ്ടുവർഷ ഡിപ്ളോമ കോഴ്സായ ഡി.ഫാം എന്നീ കോഴ്സുകളാണ് ഈ അദ്ധ്യയന വർഷം തുടങ്ങുന്നത്. 60 സീറ്റുകൾ വീതമാണുള്ളത്. പ്രവേശന നടപടികൾ ഒക്ടോബർ 30ന് മുമ്പായി പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |