കുന്നത്തൂർ: ശൂരനാട് വടക്ക് തെക്കേമുറിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം വീട്ടുകാരെ ക്രൂരമായി മർദ്ദിക്കുകയും അഞ്ച് വയസുകാരന്റെ കൈ ചവിട്ടിയൊടിക്കുകയും ചെയ്തു. തെക്കേ മുറി ആലിയുടെയ്യത്ത് വീട്ടിൽ ഹലീൽ, ഭാര്യ ശർമ്മിത, മാതാവ് ഐഷ, മകൻ ഹഫീസ് (5), ബന്ധുവും ഭിന്നശേഷിക്കാരനുമായ ഷൈജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.
പൊലീസ് പറയുന്നത്: ഹലീലിന്റെ സഹോദരിയുടെ മകൾ ഒന്നര വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. വിവാഹശേഷം കുടുംബ വീട്ടിലേക്ക് ഇവർ എത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം അമ്മാവനായ ഹലീമിനെ ഫോണിൽ വിളിച്ച് വീട്ടിൽ വരാനും രണ്ട് ദിവസം കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നതിനും അനുവാദം വാങ്ങി. ഇതനുസരിച്ച് ഇവർ ഭർത്താവിനും കൈക്കുഞ്ഞിനുമൊപ്പം വീട്ടിലെത്തിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ബന്ധുവായ ആഷിക്കിന്റെ നേതൃത്വത്തിൽ അഞ്ചംഗ അക്രമിസംഘം മാരകായുധങ്ങളുമായി രാത്രിയിൽ ഹലീമിന്റെ വീട്ടിലെത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു. ശൂരനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |