കാെല്ലം: ഉച്ചവെയിലും പെരുമഴയും സമ്മിശ്രമായ പകലിൽ കൗമാര കായിക പ്രതിഭകളുടെ മിന്നും പോരാട്ടം. റവന്യൂ സ്കൂൾ കായിക മേള കാഴ്ചക്കാർക്കും ആവേശമായി. കൊട്ടാരക്കര ഗവ. എച്ച്.എസ്.എസ് ഗ്രൗണ്ട്, തൃക്കണ്ണമംഗൽ എസ്.കെ.വി എച്ച്.എസ്.എസ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ മൂന്ന് ദിനങ്ങളിലായിട്ടാണ് മേള.
ഇന്നലെ രാവിലെ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ പതാക ഉയർത്തിയതോടെ മത്സരങ്ങൾക്ക് തുടക്കമായി. ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ജൂനിയർ ആൺകുട്ടികളുടെ മൂവായിരം മീറ്റർ ഓട്ടത്തോടെയാണ് ട്രാക്കുണർന്നത്. തൊട്ടുപിന്നാലെ ജൂനിയർ പെൺകുട്ടികളുടെ മൂവായിരം മീറ്റർ ഓട്ടമത്സരവും നടന്നു. അപ്പോഴേക്കും സ്റ്റേഡിയം നിറയെ കാഴ്ചക്കാരും മത്സരാർത്ഥികളും നിറഞ്ഞു. തലേന്നാൾ നിറുത്താതെ പെയ്ത മഴയുടെ വഴുക്കലുകൾ ആദ്യമൊക്കെ ട്രാക്കിന് തടസമുണ്ടാക്കിയെങ്കിലും വെയിൽ കനത്തതോടെ അസൗകര്യങ്ങൾ മാറി.
ഉച്ചയോടെ ചൂടിന് കാഠിന്യമേറി, മത്സരങ്ങൾക്ക് വീറും വാശിയുമായി. ട്രാക്കിൽ കായികതാരങ്ങൾ വേഗത്തിൽ പായുമ്പോൾ കാഴ്ചക്കാരും ആവേശത്തോടെ കൈയടിച്ച് ആവേശം പകർന്നു. ഓട്ടവും ചാട്ടവും നടത്തവും ഷോട്ട് പുട്ടുമൊക്കെയായി 38 ഇനങ്ങൾ പൂർത്തിയാക്കി. വൈകിട്ടോടെ മഴ കനത്തു, അതോടെ സ്റ്റേഡിയം മുഴുക്കെ വെള്ളം നിറഞ്ഞു. ചില മത്സരങ്ങൾ ഇന്ന് നടത്താനായി മാറ്റി. ഇന്ന് രാവിലെ ഏഴരയോടെ ട്രാക്കുകൾ വീണ്ടുമുണരും. പന്ത്രണ്ട് ഉപജില്ലകളിൽ നിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 3300 കുട്ടികളാണ് മേളയിൽ പങ്കെടുക്കുന്നത്.
ഓടിയും ചാടിയും വാടിത്തളർന്ന്
ഓടിയും ചാടിയും ഉച്ചയായപ്പോഴേക്കും കായിക താരങ്ങൾ വാടിത്തളർന്നു. പകൽച്ചൂടിന് പതിവിലും കൂടുതൽ കാഠിന്യമുണ്ടായിരുന്നു. അത് പ്രതിഭകളിൽ പ്രതിഫലിച്ചു. അവർക്ക് കൃത്യമായ പരിചരണം, ഫസ്റ്റ് എയ്ഡ്, കുടിവെള്ള സൗകര്യങ്ങൾ എന്നിവയൊക്കെ സജ്ജമാക്കിയിരുന്നു. മത്സരാർത്ഥികൾക്ക് പുറമെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള അദ്ധ്യാപക- അനദ്ധ്യാപകരും കായിക പ്രേമികളുമടക്കം വൻ ജനാവലി സ്റ്റേഡിയത്തിലെത്തിയിരുന്നു. മത്സരാർത്ഥികൾക്കും എസ്കോർട്ടിംഗ് അദ്ധ്യാപകർക്കുമടക്കം ഭക്ഷണവും ക്രമീകരിച്ചിരുന്നു.
മാറ്റിയ മത്സരങ്ങൾ
ഇന്നലെ നടക്കേണ്ട ജൂനിയർ ആൺകുട്ടികളുടെയും സീനിയർ ആൺകുട്ടികളുടെയും ഹാമർ ത്രോ മത്സരം 17ന് രാവിലെ 8ന് തൃക്കണ്ണമംഗൽ എസ്.കെ.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |