കൊല്ലം: കൊല്ലത്തിന്റെ കൗമാര കായിക മാമാങ്കത്തിൽ പോരാടാനിറങ്ങിയ ഭായിമാർ ശ്രദ്ധാകേന്ദ്രങ്ങളായി. അരുണാചൽ പ്രദേശുകാരായ നാലി തപോങ്ങ്, കൊമോക്ക് റൂഖേത്ത്, വാങ്ങ്താങ്ങ് ലോംഗ്സെ എന്നിവരാണ് കളിക്കളത്തിലിറങ്ങിയത്. പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണിവർ.
ഒൻപതാം ക്ളാസുകാരനായ നാലി തപോങ് നൂറ് മീറ്റർ ഓട്ടത്തിലും എട്ടാം ക്ളാസുകാരായ മറ്റുരണ്ടുപേരും ഷോട്ട് പുട്ടിലുമാണ് മത്സരിച്ചത്. കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലായിരുന്നു മൂന്ന് മത്സരങ്ങളും. അമൃതാനന്ദമയി മഠത്തിന് കീഴിലുള്ള സ്കൂളിൽ അഞ്ചാം ക്ളാസ് മുതൽ ഒൻപതാം ക്ളാസുവരെ 34 കുട്ടികളാണ് അന്യദേശങ്ങളിൽ നിന്ന് പഠിക്കാനുള്ളത്. ഇതിൽ ഏഴുപേരാണ് കായിക മത്സരത്തിന് ഇറങ്ങുന്നത്. മൂന്നുപേർ ആദ്യ ദിനത്തിൽ മത്സരിച്ചെങ്കിലും സമ്മാനം ലഭിച്ചില്ല. കൊമോക്ക് റൂഖേത്ത് ഇന്ന് ഡിസ്കസ് ത്രോയിലും വാങ്ങ്താങ്ങ് 200 മീറ്റർ ഓട്ടത്തിലും ലോംഗ് ജംപിലും പങ്കെടുക്കുന്നുണ്ട്. ഇവരെ കൂടാതെ നാലു ഭായിമാർ കൂടി ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |