കൊല്ലം: 'നിങ്ങൾക്ക് ഒരു ഉല്ലാസ യാത്ര പോയ്ക്കൂടെ, ഞാനും കൂടാം' എന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞതോടെ മാനസികസമ്മർദ്ദം നിറഞ്ഞ ജോലിക്ക് അവധി നൽകി ഒന്നിച്ച് വാഗമണ്ണിലേയ്ക്ക് ഉല്ലാസയാത്ര നടത്തി ഡാൻസാഫ് സംഘം.
കൊല്ലം സിറ്റി പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ ദൗത്യസേനയായ ഡാൻസാഫ് സംഘാംഗങ്ങളാണ് സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന് ഒപ്പം 'വൺഡേ ട്രിപ്പിൽ' അടിച്ചുപൊളിച്ചത്.
സമയം ശനിയാഴ്ച രാവിലെ 6.30, ഡാൻസാഫ് സംഘം ഫാളിനായി. കമ്മിഷണർ ഔപചാരികത മറന്ന് സഹപ്രവർത്തകർക്കൊപ്പം ഫസ്റ്റ് സെൽഫി... മാനസിക സമ്മർദ്ദം കുറയ്ക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സംഘമായതിനാലാണ് വിനോദയാത്രയിൽ കമ്മിഷണർ നക്ഷത്രം നോക്കാതെ ഒപ്പം ചേർന്നത്.
ട്രാവലറിൽ അടിച്ചുപൊളി പാട്ടിനൊപ്പം കമ്മിഷണറും ചുവടുവച്ചു. 17 ഡാൻസാഫ് ഉദ്യോഗസ്ഥർ, 4 വനിത എസ്.ഐമാർ ഉൾപ്പടെ 22 പേർ ആശങ്കകൾക്ക് അർദ്ധവിരാമമിട്ട് കമ്മിഷണർക്കൊപ്പം യാത്രയിൽ കൂടെക്കൂടി. പോയ വഴിയിൽ പ്രഭാത ഭക്ഷണവും കഴിച്ച് ആർപ്പ് വിളികൾക്കിടയിൽ 11 ഓടെ വാഗമണ്ണിലെത്തി. തുടർന്ന് മൂന്ന് ജീപ്പുകളിലായി സംഘം തിരഞ്ഞു.
മൊട്ടക്കുന്നിലും പൈൻ ഫോറസ്റ്റിലുമടക്കം ട്രക്കിംഗ്. വരാൻ പോകുന്ന വഴിയിലെ പ്രതിസന്ധിങ്ങൾ കണ്ടറിഞ്ഞുള്ള ട്രക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്ക് പുതിയ അനുഭവം സമ്മാനിച്ചു. ഒടുവിൽ വാഗമൺ അഡ്വഞ്ചർ പാർക്കിലെത്തിയപ്പോഴേക്കും സംഘം പുതിയ ഊർജം നേടിയിരുന്നു. ഗ്ലാസ് ബ്രിഡ്ജ്, സംഗീതം, നൃത്ത ജലധാര ഉൾപ്പടെ കണ്ടിറങ്ങുമ്പോൾ ദൗത്യസംഘം പുതിയ ആക്ഷൻ പ്ളാനിലായിരുന്നു. രാത്രി 10.30 ഓടെ സംഘം കൊല്ലത്ത് തിരിച്ചെത്തി. അപ്പോഴേക്കും സംഘാംഗങ്ങൾ പുതിയ ദൗത്യത്തിന് തയ്യാറെടുത്ത് കഴിഞ്ഞിരുന്നു.
പുറപ്പെട്ടത്
രാവിലെ 6.30ന്
വാഗമണ്ണിലെത്തിയത്
11ന്
തിരിച്ചെത്തിയത്
രാത്രി 10.30ന്
പങ്കെടുത്തത് 22 പേർ
(കമ്മിഷണർ ഉൾപ്പടെ)
പുറപ്പെടുന്ന ദിവസവും 22.37
കിലോ കഞ്ചാവുമായി ആക്ഷൻ
20 കൊമേഴ്ഷ്യൽ കേസുകളാണ് കൊല്ലം സിറ്റിയിൽ ഡാൻസാഫ് സംഘം ഈ മാസം ഇതുവരെ പിടികൂടിയത്. ടൂർ പുറപ്പെട്ട ദിവസവും റെയിൽവേ സ്റ്റേഷനിൽ നിന്ന് 22.37 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കൂടുതൽ ഉത്സാഹത്തോടെ കടമകൾ നിർവഹിക്കാൻ യാത്ര പ്രചോദനമായെന്ന് ഡാൻസാഫ് സംഘത്തിലെ ഓരോ അംഗങ്ങളും ഒന്നടങ്കം പറയുന്നു.
ആത്മവിശ്വാസം വർദ്ധിപ്പിച്ച് പ്രവർത്തിക്കാനാണ് യാത്ര സംഘടിപ്പിച്ചത്. ഒരു ടീമെന്ന നിലയിൽ അംഗങ്ങൾക്കിടയിൽ കൂടുതൽ ആത്മബന്ധം സൃഷ്ടിക്കാൻ വിനോദയാത്ര ഉപകരിച്ചു.
കിരൺ നാരായണൻ, സിറ്റി പൊലീസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |