ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു
ചവറ: ചവറ പൊന്മന ഗ്രാമത്തിലെ കാട്ടിൽ മേക്കതിൽ അമ്മയുടെ സന്നിധിയിൽ വൃശ്ചികത്തിലെ ആദ്യ 12 ദിനരാത്രങ്ങൾ ഭജനം പാർക്കാൻ ആയിരത്തോളം കുടിലുകൾ ഒരുങ്ങി. ഭക്തരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ക്ഷേത്ര ശ്രീകോവിലിനു ചുറ്റുമുള്ള മണൽപ്പരപ്പിലെ ഭജനക്കുടിലുകളിൽ കുടുംബ സമേതം വ്രത ശുദ്ധിയോടെ അമ്മയെ സ്തുതിച്ചു പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ടകാര്യം സഫലമാകുമെന്നാണ് വിശ്വാസം. ദേവിയെ നാലകത്തിലേക്ക് കുടിയിരുത്തി തോറ്റംപാട്ട് ആരംഭിക്കുന്നതോടെ ദേവീ ചൈതന്യം വർദ്ധിക്കും. ഭജനം പാർക്കാൻ കുടിലുകൾ ബുക്ക് ചെയ്ത ഭക്തർ കുടുംബ സമേതം തുലാം 30ന് ഉച്ചയോടെ എത്തിത്തുടങ്ങും. ഭജനക്കുടിലുകൾക്ക് ക്രമനമ്പർ ലഭിക്കുന്നതോടെ ഭക്തർ കുടിലുകളിൽ ക്രമീകരണങ്ങൾ നടത്തും. വൃശ്ചികം ഒന്നിനു രാവിലെ ക്ഷേത്രം തന്ത്രി തുറവൂർ പി. ഉണ്ണിക്കൃഷ്ണന്റെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 9.30നും 10നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തൃക്കൊടിയേറ്റും കലശവും നടക്കും. തുടർന്ന് തന്ത്രി ഭജനക്കുടിലുകളിൽ തീർത്ഥം തളിക്കും. അതിനു ശേഷമേ ഭജനക്കുടിലുകളിൽ ആഹാരം പാകം ചെയ്യാൻ തീ തെളിക്കൂ.
കുടിലുകളിൽ പാകം ചെയ്യുന്ന ആഹാരത്തിന് പുറമേ ക്ഷേത്രത്തിൽ എല്ലാ ദിവസവും വിഭവ സമൃദ്ധമായ അന്നദാനവും ഉണ്ട്. കുടിലുകളിൽ വൈകുന്നേരങ്ങളിൽ ചേന, ചേമ്പ്, കാച്ചിൽ, ചീനി, കപ്പക്കിഴങ്ങ് തുടങ്ങിയവ പുഴുങ്ങിയതും ചമ്മന്തി ഇടിച്ചതും ചമ്മന്തി വറുത്ത് പൊടിച്ചതും കട്ടൻ കാപ്പിയും ഉണ്ടാവും. ഇത് കുടിലുകളിലെത്തുന്നവർക്ക് വഴിപാടായി നൽകും. ശ്രീകോവിലിൽ തമ്പുരാട്ടിയുടെ മുന്നിൽ വച്ച് പൂജിച്ചു തരുന്ന മണി, ശ്രീകോവിലിന് മുന്നിലെ അത്ഭുത പേരാലിന് ഏഴ്‌വലം വച്ച് കെട്ടി പ്രാർത്ഥിച്ച് സങ്കടങ്ങൾ അമ്മയുടെ മുന്നിൽ ഇറക്കി വയ്ക്കാനും ഉദ്ദിഷ്ട കാര്യങ്ങൾ അമ്മയോട് പറയാനും എത്തുന്നവർ കൂടിച്ചേരുമ്പോൾ ഈ പുണ്യ ഭൂമി ജനസാഗരമാകും.
വൃശ്ചികം 12ന് തിരുമുടി ആറാട്ട് നടക്കും. 11നും 12നും തങ്കഅങ്കി ചാർത്തി ദീപാരാധന. 12ന് രാവിലെ വൃശ്ചിക പൊങ്കൽ. അന്ന് രാത്രി 10.30 ന് തിരുമുടി എഴുന്നള്ളത്ത്. നൂറ്റാണ്ടുകൾക്ക് മുമ്പ് കാട്ടിൽ മേക്കതിൽ അമ്മ ഇവിടേക്ക് വരുന്നതിനിടെ തങ്ങിയ മാലയിൽ ക്ഷേത്രത്തിൽ പോയ ശേഷം മടങ്ങിയെത്തുന്ന തിരുമുടി ആയിരത്തോളം ഭജനക്കുടിലുകളിൽ അനുഗ്രഹം ചൊരിയും.
വിപുലമായ ഒരുക്കങ്ങൾ
ഭക്തർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സജ്ജീകരണം, ശുദ്ധജലം, വൈദ്യുതി എന്നിവ തയ്യാറായി വരുന്നു. ആരോഗ്യ വിഭാഗം, ഫയർഫോഴ്സ്, പൊലീസ്, വോളണ്ടിയർന്മാർ എന്നിവരുടെ സേവനവും ഉണ്ടാവും. ഇരുചക്ര വാഹനങ്ങൾക്കും മറ്റു വാഹനങ്ങൾക്കും പ്രത്യേകം പാർക്കിംഗ് സൗകര്യങ്ങളുമുണ്ട്. ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് പി.അനിൽ ജോയി, സെക്രട്ടറി പി.സജി, വൈസ് പ്രസിഡന്റ് എം.ജി. നടരാജൻ, അസിസ്റ്റന്റ് സെക്രട്ടറി എസ്. ദിനേശ്, ട്രഷറർ ആർ. സത്യനേശൻ, അസിസ്റ്റന്റ് ട്രഷറർ വൈ. സനൽകുമാർ ഓഡിറ്റിംഗ് കമ്മിറ്റി അംഗങ്ങളായ വി.ചിദംബരൻ, ബി. മണികണ്ഠൻ, ആർ. സന്തോഷ്, എസ്. സാബു, ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ. രാമചന്ദ്രൻ, ആർ. ഉദയകുമാർ, എൻ. തങ്കൻ, എസ്. രാജീവൻ, വി. രവി, വി. ജോജോ കുമാർ, എസ്. അനു, ആർ. രജീഷ്, സി. ചന്ദ്രപ്രസാദ്, ബി. ബിജിത്ത് എന്നിവരടങ്ങിയ ഇരുപതംഗ ട്രസ്റ്റ് ഭാരവാഹികളാണ് നേതൃത്വം നൽകുന്നത്.
ഭജനം പാർക്കാൻ എത്തുന്ന ഭക്തർക്ക് മുൻകാലങ്ങളിലേതു പോലെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് അന്നദാനം, സമ്മേളനങ്ങൾ, ചികിത്സാ സഹായ വിതരണം, കലാപരിപാടികൾ, പ്രഭാഷണങ്ങൾ, വാണിജ്യമേള എന്നിവയും ഇതോടനുബന്ധിച്ചുണ്ട്
പി. അനിൽ ജോയി, കാട്ടിൽ മേക്കതിൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ്
...........................
ശക്തി സ്വരൂപണിയായി വിളങ്ങുന്ന കാട്ടിൽ മേക്കതിൽ അമ്മയുടെ ദിവ്യ ചൈതന്യം നാൾക്ക് നാൾ വർദ്ധിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരെ വിശ്വാസികൾ എത്തിച്ചേരുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. കൊട്ടാരത്തിൻ കടവിലും കന്നിട്ടക്കടവിലും പ്രത്യേക ജങ്കാർ സർവീസ് ഉണ്ടാവും
പി. സജി, കാട്ടിൽ മേക്കതിൽ ക്ഷേത്രട്രസ്റ്റ് സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |