കൊല്ലം: ചരിത്ര പ്രാധാന്യത്തോടെ ഒഴുകിയിരുന്ന തങ്കശേരി ബക്കിംഗ്ഹാം കനാൽ കൈയേറ്റം മൂലം മെലിഞ്ഞൊഴുകുന്നു. ഏകദേശം 750 മീറ്റർ നീളവും നൂറ് അടിവരെ വീതിയും ഉണ്ടായിരുന്ന കനാലിന്റെ ഭൂരിഭാഗവും മണ്ണും കെട്ടിടാവശിഷ്ടങ്ങളും തള്ളി കരയാക്കി മാറ്റി.
മുമ്പ് കനാലുണ്ടായിരുന്ന ഭാഗങ്ങളിലെല്ലാം ഇപ്പോൾ കെട്ടിടങ്ങളാണ്. അവശേഷിക്കുന്ന നീരൊഴുക്ക് കൂടി കൈയേറാനുള്ള ശ്രമങ്ങളും നടക്കുകയാണ്. ഇവിടെയും കെട്ടിടാവശിഷ്ടങ്ങൾ കൂനകൂട്ടിയിട്ടിട്ടുണ്ട്. കനാലിനോട് ചേർന്ന് നിന്ന മരങ്ങളിൽ ചിലത് രണ്ട് ദിവസം മുമ്പ് വെട്ടിനിരത്തി.
കൂടാതെ വലിയതോതിലാണ് കനാലിലേയ്ക്ക് മാലിന്യം തള്ളുന്നത്. നിരവധി തവണ പരാതി നൽകിയിട്ടും വർഷങ്ങളായി തുടരുന്ന നിയമലംഘനം തുടരുകയാണ്. തുടർച്ചയായി കനാൽ കൈയേറി നികത്തിയതോടെ ശക്തമായി മഴ പെയ്യുമ്പോൾ പ്രദേശത്ത് വെള്ളക്കെട്ടും രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇനിയും അധികൃതർ ഇടപെടാതിരുന്നാൽ കനാൽ എന്നന്നേയ്ക്കുമായി ഇല്ലാതാകും. പുരാതനകാലത്ത് ഏറെ വാണിജ്യ പ്രാധാന്യമുണ്ടായിരുന്ന കനാൽ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെയും ചരിത്രാന്വേഷികളുടെയും ആവശ്യം. കനാലിനോട് ചേർന്നാണ് പോർച്ചുഗീസുകാരുടെ സെമിത്തേരിയും ഉണ്ടായിരുന്നത്.
കൈയേറ്റത്തിന് കൂട്ട് മൗനാനുവാദം
നടപടി സ്വീകരിക്കാതെ അധികൃതർ മൗനാനുവാദം നൽകിയതാണ് കനാലിനെ നാശത്തിലേക്ക് തള്ളിവിട്ടതെന്നാണ് ആരോപണം.
നോട്ടീസ് അയച്ചു
ബക്കിംഗ്ഹാം കനാലിലെ കൈയേറ്റം ചൂണ്ടികാട്ടി കളക്ടർ, കൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി, കൊല്ലം താലൂക്ക് തഹസിൽദാർ, കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസർ, കേരള മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയോൺമെന്റൽ എൻജിനിയർ, കേരള തീരദേശ പരിപാലന മാനേജ്മെന്റ് അതോറിറ്റി ചെയർമാൻ എന്നിവർക്ക് കൊല്ലം ബാറിലെ അഭിഭാഷകൻ അഡ്വ.ബോറിസ് പോൾ നോട്ടീസ് അയച്ചു.
നിർമ്മിച്ചത് 16-ാം നൂറ്റാണ്ടിൽ
16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമ്മിച്ച ജലപാത
തങ്കശേരി കോട്ടയിൽ നിന്നുള്ള ചരക്കുനീക്കം സുഗമമാക്കാൻ നിർമ്മിച്ചത്
കടലിലേക്ക് കയറുന്ന രീതിയിലായിരുന്നു കനാൽ
കപ്പലുകൾക്ക് കടന്നുവരാൻ കഴിയുന്ന തരത്തിൽ ആഴവും വീതിയും ഉണ്ടായിരുന്നു
ഡച്ചുകാർ കോട്ട കീഴ്പ്പെടുത്തിയതോടെ ഡച്ചുകാരുടെ വ്യാപാര കേന്ദ്രമായി
1795 ഓടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിൽ
ഇതോടെയാണ് കനാലിന് ബക്കിംഗ്ഹാം എന്ന പേര് ലഭിച്ചത്
കൊല്ലത്ത് പൈതൃക സ്മാരകമായി സൂക്ഷിക്കേണ്ടവയൊക്കെ നശിപ്പിക്കപ്പെടുകയാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്ക് രേഖാമൂലം പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും.
അഡ്വ.ബോറിസ് പോൾ
കൈയേറ്റം മൂലം ചരിത്ര പ്രാധാന്യമുള്ള ബക്കിംഗ്ഹാം കനാൽ ഉൾപ്പടെ പേരിൽ മാത്രം ഒതുങ്ങുന്ന അവസ്ഥയാണ്. ബന്ധപ്പെട്ടർ പരിശോധിച്ച് നടപടി സ്വീകരിക്കണം.
പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |