കൊല്ലം: നീണ്ടകരയിൽ നിന്ന് പോയ ബോട്ടുകളെ ഇന്ത്യൻ മഹാസമുദ്രത്തിൽ തമിഴ് മത്സ്യത്തൊഴിലാളികൾ ആക്രമിച്ചത് തീരത്തും കടലിലും സംഘർഷ സാദ്ധ്യത ഉയർത്തുന്നു. സംഭവമറിഞ്ഞ് ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ സംഘടിച്ച മത്സ്യത്തൊഴിലാളികളെ ബോട്ടുടമകളും യൂണിയൻ നേതാക്കളും ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള വള്ളങ്ങളും ബോട്ടുകളും കൂട്ടത്തോടെ കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇതിന് പുറമേ കൊല്ലം തീരത്തെ ലാൻഡിംഗ് സെന്റുകളിലും നീണ്ടകരയിലും തമിഴ്നാട് വള്ളങ്ങളെത്തി മത്സ്യം വിൽക്കുന്നുണ്ട്. ശക്തികുളങ്ങരയിൽ തമിഴ്നാട് ബോട്ടുകളുമെത്തുന്നുണ്ട്. കൊച്ചി ഹാർബറിലും തമിഴ്നാട് ബോട്ടുകൾ വ്യാപാകമായി എത്തുന്നുണ്ട്. തമിഴ്നാട്ടിലെ നാഗപട്ടണം, കുളച്ചൽ, തൂത്തുക്കുടി, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുള്ള ബോട്ടുകളും വള്ളങ്ങളുമാണ് പ്രധാനമായും എത്തുന്നത്. ഇവർക്ക് കേരളതീരത്ത് എല്ലാ സ്വാന്ത്ര്യവും നൽകുമ്പോഴാണ് ഇവിടെ നിന്നുള്ള ബോട്ടുകൾക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ തമിഴ് മത്സ്യത്തൊഴിലാളികൾ വിലക്ക് ഏർപ്പെടുത്തി ആക്രമിക്കുന്നത്.
ട്രോളിംഗ് നിരോധന സമയത്ത് മത്സ്യത്തിന് കൂടുതൽ വില ലഭിക്കുന്നതിനാൽ കുളച്ചൽ, കന്യാകുമാരി തീരങ്ങളിൽ നിന്ന് വള്ളങ്ങൾ കൂട്ടത്തോടെ കൊല്ലം തീരത്ത് എത്താറുണ്ട്. തമിഴ് വള്ളങ്ങൾ നിരോധിത കോര് വലകൾ ഉപയോഗിച്ച് അടിത്തട്ടിൽ നിന്ന് വൻതോതിൽ മത്സ്യം കോരിയെടുക്കുന്ന നിയമലംഘനവും കേരള തീരത്ത് തുടർച്ചയായി നടത്തുന്നുണ്ട്.
തുടങ്ങിയത് മൂന്ന് വർഷം മുമ്പ്
മൂന്ന് വർഷം മുമ്പ് ഇന്ത്യൻ മഹാസമുദ്രത്തിൽ വിലക്കും ആക്രമണ ഭീഷണിയും ഉണ്ടായപ്പോൾ സംസ്ഥാന ഫിഷറീസ് മന്ത്രി തമിഴ്നാട് ഫിഷറീസ് മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എൻ.കെ.പ്രേമചന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ശ്രദ്ധയിലും നിയമവിരുദ്ധ വിലക്ക് ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ കൊല്ലം കളക്ടർ കന്യാകുമാരി കളക്ടറുമായും ഇക്കാര്യം ചർച്ച ചെയ്തു. അതിന് പിന്നാലെയാണ് ബോട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം സൃഷ്ടിച്ചതിനൊപ്പം മത്സ്യത്തൊഴിലാളികളെ ആക്രമിക്കുകയും ചെയ്തത്.
സർക്കാർ ഇടപെട്ട് നിയമപരമായ മത്സ്യബന്ധനത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് ഇടപെടണം. നാശനഷ്ടമുണ്ടായ ബോട്ടുകൾക്ക് നഷ്ടപരിഹാരം നൽകണം.
പീറ്റർ മത്യാസ്, സംസ്ഥാന പ്രസിഡന്റ്
ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |