കൊല്ലം: കൊട്ടിയം ജംഗ്ഷന്റെ ഹൃദയഭാഗത്തുള്ള കെട്ടിടത്തിൽ നിന്ന് ഉച്ച നേരത്ത് പുക ഉയരുന്നത് കണ്ട് യാത്രക്കാരും വിവിധ വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുമടക്കം നൂറുകണക്കിന് പേർ അമ്പരന്നു. തിങ്ങിഞെരുങ്ങി സ്ഥാപനങ്ങളുള്ളതിനാൽ സ്വന്തം നിലയിൽ രക്ഷാപ്രവർത്തനം ആദ്യമേ ആരംഭിക്കാൻ ജനങ്ങൾക്കായില്ല. 20 മിനിറ്റ് കഴിഞ്ഞ ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തി തുടങ്ങിയത്.
തീപിടിത്തം ഉണ്ടായ സ്റ്റുഡിയോയ്ക്ക് സമീപത്തുള്ള കടകളിൽ നിന്ന് ഗ്യാസ് സിലിണ്ടർ അടക്കം പെട്ടെന്ന് നീക്കി. തീ പടരുമെന്ന ഭീതിയിൽ തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ ദൂരേക്ക് മാറുകയും ചെയ്തു. ഫയർഫോഴ്സ് വാഹനങ്ങൾ കൊട്ടിയം ജംഗ്ഷനിൽ നിർമ്മാണം പുരോഗമിക്കുന്ന ഫ്ലൈ ഓവറിന്റെ മുകളിലെത്തി ആറ് മീറ്റർ അകലെയുള്ള കെട്ടിടത്തിലേക്ക് വെള്ളം ചീറ്റിക്കുകയായിരുന്നു.
ഫ്ലൈ ഓവറിന്റെ നിർമ്മാണം നടക്കുന്നതിനാൽ കൊട്ടിയം ജംഗ്ഷനിൽ സർവീസ് റോഡിലൂടെയാണ് ഗതാഗതം. സംഭവമറിഞ്ഞ് കൂടുതൽ പേർ എത്തിയതോടെ സർവീസ് റോഡിലൂടെയുള്ള ഗതാഗതം രണ്ട് മണിക്കൂറോളം സ്തംഭിച്ചു. ഇതോടെ ദേശീയപാതയിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. പിന്നീട് പൊലീസ് ഇടപെട്ട് വാഹനങ്ങൾ ഇടറോഡുകളിലൂടെ തിരിച്ചുവിടുകയായിരുന്നു.
20 ലക്ഷം രൂപയുടെ നഷ്ടം
ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയുടെ കാരണമെന്ന് കരുത്തുന്നു. സ്റ്റുഡിയോയുടെ താഴത്തെ നിലയിൽ ധനകാര്യ സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കൊട്ടിയം പൊലീസ് പറഞ്ഞു. സംഭവത്തിൽ കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |