കൊല്ലം: ദേശീയപാത 66ൽ തിരുമുക്കിൽ നിലവിലുള്ളതിന്റെ അതേ വലുപ്പത്തിൽ തൊട്ടുചേർന്ന് പുതിയൊരു അടിപ്പാത കൂടി നിർമ്മിക്കാനും ഇത്തിക്കരയിൽ ഭൂഗർഭ അടിപ്പാത നിർമ്മിക്കാനും ധാരണ. എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ, കരാർ കമ്പനി അധികൃതർ, സ്വതന്ത്ര എൻജിനിയറിംഗ് സംഘം എന്നിവരുടെ നേൃത്വത്തിൽ നടന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
നാല് മീറ്റർ വീതിയും ഏഴ് മീറ്റർ ഉയരവുമുള്ള അടിപ്പാതയാകും തിരുമുക്കിൽ പുതുതായി നിർമ്മിക്കുക. പുതിയ അടിപ്പാതയുടെ സ്ഥലം, പൊളിച്ചുനീക്കൽ അടക്കമുള്ള ചെലവ് എന്നിവ സഹിതമുള്ള വിശദമായ എസ്റ്റിമേറ്റ് കരാർ കമ്പനി വൈകാതെ എൻ.എച്ച്.എ.ഐക്ക് നൽകും.
ഇത്തിക്കരയിലെ ഭൂഗർഭ അടിപ്പാതയുടെ കരട് രൂപരേഖ വൈകാതെ കരാർ കമ്പനി തയ്യാറാക്കും. ഇത്തിക്കര പാലത്തിൽ നിന്ന് മൈലക്കാടേക്ക് നൂറ് മീറ്ററെങ്കിലും മാറി മൂന്ന് മീറ്റർ വീതം ഉയരവും വീതിയുമുള്ള അടിപ്പാതയ്ക്കാണ് സാദ്ധ്യത. സാങ്കേതിക തടസങ്ങളില്ലെങ്കിൽ വീതി നാല് മീറ്ററായി ഉയർത്തും. കരാർ കമ്പനി തയ്യാറാക്കുന്ന രൂപരേഖ സ്വതന്ത്ര എൻജിനിയറിംഗ് സംഘം പരിശോധിച്ച ശേഷം എൻ.എച്ച്.എ.ഐക്ക് കൈമാറും.
സ്വകാര്യ ബസുകൾ ബുദ്ധിമുട്ടുന്നു
തിരുമുക്കിൽ നിലവിലുള്ള 7 മീറ്റർ ഉയരവും നാല് മീറ്റർ വീതിയുമുള്ള അടിപ്പാതയിലേക്ക് പ്രവേശിക്കാൻ പരവൂർ ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകൾ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിന് പുറമേ രണ്ട് വാഹനങ്ങൾക്ക് ഒരുമിച്ച് കടന്നുപോകാൻ കഴിയാത്ത അവസ്ഥയുമുണ്ട്. 45 മീറ്ററിൽ സ്ഥലം ഏറ്റെടുത്തതോടെ ഇത്തിക്കര പാലത്തിനോട് ചേർന്നുള്ള ഇത്തിക്കര വയൽ ഭാഗത്തേക്കുള്ള വഴി കുത്തിറക്കമായി മാറി. ഇതോടെ വയൽ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് സർവീസ് റോഡിലേക്ക് പ്രവേശിക്കാനാകാത്ത അവസ്ഥയാണ്. ഇതിന് പുറമേ ആദിച്ചനല്ലൂർ ഭാഗത്ത് നിന്നടക്കം വാഹനങ്ങൾ ആറുവരിപ്പാത മുറിച്ചുകടക്കാൻ മൈലക്കാട് ഇറക്കത്തും തിരുമുക്കിലുമുള്ള അടിപ്പാതകൾ വരെ പോകേണ്ട അവസ്ഥയാണ്. ഇത്തിക്കരയിലെ പുതിയ പാലങ്ങൾ നിലവിലുള്ളതിന്റെ ഉയരത്തിൽ തന്നെ നിർമ്മിച്ചതിനാൽ ഇവിടെ സാധാരണ അടിപ്പാത ഇനി നിർമ്മിക്കാനാകില്ല. അതുകൊണ്ടാണ് സർവീസ് റോഡുകൾ താഴ്ത്തി ഭൂഗർഭ അടിപ്പാത നിർമ്മിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |