കൊല്ലം: ജില്ലാ പഞ്ചായത്ത് കലയപുരം ഡിവിഷനിൽ പയറ്റിത്തെളിഞ്ഞ വനിതകളാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. നിയമസഭാ അംഗമാകുന്നതിന് മുമ്പ് പി.ഐഷാപോറ്റിയിലൂടെ ഇടത് അനുകൂലമായിരുന്ന ഡിവിഷൻ, പിന്നീട് ആർ.രശ്മിയിലൂടെ കോൺഗ്രസിന് അനുകൂല വിധിയെഴുതി. ഇക്കുറി പട്ടികജാതി വനിതാ സംവരണമാണ്.
ഇടത് മുന്നണിയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയെ കണ്ടുവച്ചിരുന്നതാണ്. എന്നാൽ മുന്നണി ധാരണപ്രകാരം സി.പി.ഐയ്ക്ക് സീറ്റ് ലഭിച്ചു. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ നേതാവുമായ ജി.സരസ്വതിയാണ് (61) ഇടത് സ്ഥാനാർത്ഥി. മുമ്പ് വെട്ടിക്കവല ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട സരോജിനി ബാബുവിനെയാണ് (62) കോൺഗ്രസ് രംഗത്തിറക്കിയത്. മുൻ ഗ്രാമപഞ്ചായത്തംഗവും ബി.ജെ.പിയുടെ സജീവ പ്രവർത്തകയുമായ എൽ.രാധാമണിയെ (50) ബി.ജെ.പി എൻ.ഡി.എ സ്ഥാനാർത്ഥിയായി രംഗത്തിറക്കിയതോടെയാണ് രാഷ്ട്രീയ പോരാട്ടത്തിന് കൂടുതൽ കളമൊരുങ്ങിയത്.
മൈലം പഞ്ചായത്തിൽ ജനിച്ചുവളർന്ന്, കുളക്കട ഗ്രാമപഞ്ചായത്തിൽ വിവാഹശേഷം ജീവിച്ച് പൊതുപ്രവർത്തനം നടത്തിയത് ജി.സരസ്വതിക്ക് കൂടുതൽ ഗുണകരമാകും. എന്നാൽ യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളും പ്രചാരണ രംഗത്ത് മുന്നേറ്റം നടത്തിയതോടെ ജയം ആർക്കെന്ന് പ്രവചിക്കാൻ കഴിയില്ല. വെട്ടിക്കവല ബ്ളോക്കിലെ പുത്തൂർ, കുളക്കട, കലയപുരം, കോട്ടാത്തല, മൈലം, പട്ടാഴി ഡിവിഷനുകൾ ചേരുന്നതാണ് കലയപുരം ജില്ലാ പഞ്ചായത്ത് ഡിവിഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |