കൊല്ലം: മലയോര മേഖല ചേരുന്ന ചിതറ ഡിവിഷനിൽ മത്സരത്തിന് ചൂടേറി. വിപ്ളവത്തിന്റെ ചൂരുംചൂടുമുള്ള മണ്ണിൽ തിരഞ്ഞെടുപ്പിന്റെ നാളടുക്കുമ്പോൾ ആർക്കാണ് വിജയമെന്ന് കണ്ണടച്ച് പറയാൻ കഴിയില്ല. ചടയമംഗലം നിയോജക മണ്‌ഡലത്തിൽപ്പെടുന്ന ചിതറയിൽ ഇടത് അനുകൂല കാറ്റ് വീശുമെന്ന് എൽ.ഡി.എഫ് ഉറച്ച് വിശ്വസിക്കുമ്പോൾ അട്ടിമറി വിജയം പ്രതീക്ഷിക്കുകയാണ് യു.ഡി.എഫും എൻ.ഡി.എയും. പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം മുന്നേറ്റവുമുണ്ട്. ചടയമംഗലം ബ്ളോക്കിലെ ചിങ്ങേലി, ചിതറ, ചിക്കമല, മതിര, കുമ്മിൾ, കടയ്ക്കൽ ഡിവിഷനുകൾ ചേരുന്നതാണ് ചിതറ ജില്ലാ പഞ്ചായത്ത് ഡിവിഷൻ.
സന്തോഷ് മതിര, എൽ.ഡി.എഫ് (സി.പി.എം)
നാടൻപാട്ട് കലാകാരനായ സന്തോഷ് മതിര (47) എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയതാണ്. സി.പി.എം കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗവും പി.കെ.എസ് ജില്ലാ പ്രസിഡന്റുമാണ്. ബാലസംഘം ഏരിയ കൺവീനറും ജില്ലാ കമ്മിറ്റി അംഗവുമാണ്. ആദ്യമായാണ് മത്സരിക്കുന്നത്. ചിതറ മതിര കിഴുനില സ്വദേശി. ഭാര്യ: ശോഭ.
മനു തടത്തിൽ യു.ഡി.എഫ് (കോൺഗ്രസ്)
കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗമായ മനു തടത്തിൽ (38) സജീവ പൊതുപ്രവർത്തകനാണ്. വളവുപച്ച സി.കേശവൻ മോഡൽ ഗ്രന്ഥശാല ഭരണസമിതി അംഗമാണ്. മുമ്പ് ചിതറ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു. ചിതറ മടത്തറ കൊച്ചുകലുങ്ക് സ്വദേശി. ഭാര്യ: ആതിര.
പ്രശാന്ത് ചല്ലിമുക്ക്, എൻ.ഡി.എ (ബി.ജെ.പി)
ആർ.എസ്.എസ് ചല്ലിമുക്ക് ശാഖയുടെ മുഖ്യ ശിക്ഷകായിരുന്ന പ്രശാന്ത് ചല്ലിമുക്ക് (31) സജീവ പൊതുപ്രവർത്തകനാണ്. പാറക്വാറി ജാക് ഹാമർ തൊഴിലാളിയും ഒപ്പം ആർ.എസ്.എസിന്റെ ഛത്രപതി ശിവജി സേവാസമിതിയുടെ ആംബുലൻസ് ഡ്രൈവറുമാണ്. മടത്തറ കൊല്ലായിൽ സ്വദേശി. ഭാര്യ: ഫെമിന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |