കൊല്ലം: മൈലക്കാട് ഉയരപ്പാത ഇടിഞ്ഞു വീണ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി ഉത്തരവാദികളുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ദേശീയപാതയും റോഡ് ഗതാഗതവും വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയോടും ദേശീയപാത അതോറിട്ടി അധികൃതരോടും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
ഉയരപാതയുടെ അശാസ്ത്രീയ നിർമ്മാണമാണ് നിരന്തരമായി അപകടങ്ങൾ ഉണ്ടാക്കുന്നത്. കേരളത്തിലെ ഭൂപ്രകൃതിയും പ്രദേശത്തിന്റെ സവിശേഷതയും കണക്കിലെടുത്ത് ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെ ദേശീയപാതയെയും സർവ്വീസ് റോഡുകളെയും വേർതിരിച്ച് വൻമതിൽ കെട്ടി മണ്ണ് നിറച്ച് നടത്തുന്ന സ്ഥലങ്ങളിലാണ് അപകടം ആവർത്തിക്കുന്നത്. നിരന്തരമായ അപകടങ്ങളിലൂടെ ഉയരപ്പാത അശാസ്ത്രീയമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ എർത്ത് റിടൈനിംഗ് വാളുകൾക്ക് പകരം പില്ലറിന്മേലുളള എലിവേറ്റഡ് ഹൈവേയാണ് നിർമ്മിക്കേണ്ടത്. എർത്ത് റിടൈനിംഗ് വാളുകൾ ഉപയോഗിച്ചുളള ഉയരപ്പാതയ്ക്ക് പകരം എലിവേറ്റഡ് ഹൈവേ എന്ന നിരന്തരമായ ആവശ്യം നിരാകരിച്ചു കൊണ്ടാണ് ഇത്തരം നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്. രൂപകൽപ്പനയിലും നിർമ്മാണത്തിലും ഉണ്ടായിട്ടുളള അപകാത മൂലം സർവീസ് റോഡിയിലൂടെയുള്ള ഗതാഗതം അപകടകരമായ നിലയിൽ തുടരുന്നു. അടിയന്തിരമായി വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന നടത്തി എർത്ത് റിടൈനിംഗ് വാൾ ഉപയോഗിച്ചുളള ഉയരപ്പാതയുടെ നിർമ്മാണം പുനപരിശോധിക്കണമെന്നും സർവ്വീസ് റോഡിലെ യാത്രക്കാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കേടപാടു പറ്റിയ വാഹനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |