പറക്കുളം, മേവറം, കടവൂർ ഭാഗങ്ങളിലും തകർച്ച ഭീഷണി
കൊല്ലം: ദേശീയപാതയിൽ കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ മൈലക്കാട് സംഭവിച്ചത് പോലെ പറക്കുളം, മേവറം, കടവൂർ എന്നിവിടങ്ങളിലും ഉയരപ്പാത തകരാൻ സാദ്ധ്യത. മൈലക്കാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ഈ മൂന്നിടങ്ങളിലും വിശദമായ പഠനം നടത്താൻ തീരുമാനിച്ചു.
കൊട്ടിയത്തെ മിനി ഫ്ലൈ ഓവറിന്റെ അപ്രോച്ച് റോഡായ ഉയരപ്പാത പറക്കുളം വരെയുണ്ട്. മേവറം ജംഗ്ഷനിൽ ഒറ്റ സ്പാൻ ഫ്ലൈ ഓവറിനും കടവൂരിലെ അടിപ്പാതയ്ക്കും അപ്രോച്ച് ഉയരപ്പാതയുണ്ട്. പറക്കുളത്ത് ഒരു വശത്തെ ചതുപ്പ് വർഷങ്ങൾക്ക് മുൻപേ നികത്തിയതാണ്. ഈ ഭാഗത്ത് റോഡിന് കുറുകെ തോടും 200 മീറ്റർ അകലെ വയലുമുണ്ട്. മേവറത്ത് റോഡിന്റെ ഒരു വശത്ത് ചതുപ്പും മറുവശത്ത് വയലുമാണ്. കടവൂരിൽ ഉയരപ്പാതയുടെ ഇരുവശങ്ങളിലും ചതുപ്പാണ്. മൈലക്കാട്ടേത് പോലെ ഈ മൂന്ന് സ്ഥലങ്ങളിലും ഉയരപ്പാതയ്ക്ക് ബലമുള്ള അടിസ്ഥാനം നിർമ്മിച്ചിട്ടില്ലെന്ന് മാത്രമല്ല, ബലമുള്ള പാർശ്വഭിത്തികളുമില്ല. പറക്കുളത്ത് നേരത്തെ ഉയരപ്പാതയ്ക്ക് മുകളിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. ഈ മൂന്നിടങ്ങളിലും നിലവിൽ കാര്യമായ പ്രശ്നങ്ങളില്ലെങ്കിൽ വശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടാൽ അടിത്തട്ടിലെ മണ്ണ് കൂടുതൽ അയഞ്ഞ് ഉയരപ്പാത ഇരിക്കാൻ സാദ്ധ്യതയുണ്ട്.
കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചു തുടങ്ങി
മൈലക്കാട്ട് ഉയരപ്പാതയും സർവീസ് റോഡും തകർന്നപ്പോൾ പൊട്ടിയ കുടിവെള്ള പൈപ്പ് ലൈനുകൾ ദേശീയപാത നിർമ്മാണ കമ്പനി പുന:സ്ഥാപിച്ചു തുടങ്ങി. ഈ ഭാഗത്ത് 150 മീറ്ററോളം നീളത്തിൽ പൊട്ടിയ പൈപ്പ് ലൈനുകൾ മാറ്റിയാണ് പുതിയത് സ്ഥാപിക്കുന്നത്.
പുനലൂരിൽ നിന്ന് കൊട്ടിയത്തെ ടാങ്കിലേക്കുള്ള 350 എം.എം മെയിൻ പൈപ്പ് ലൈൻ, ഗാർഹിക കണക്ഷനുകൾ ബന്ധിപ്പിക്കുന്ന 160 എം.എം പൈപ്പ് ലൈൻ എന്നിവയാണ് പൊട്ടിയത്. മെയിൻ പൈപ്പ് ലൈൻ സർവ്വീസ് റോഡിന് അടിയിലൂടെയും വിതരണ പൈപ്പ് ലൈൻ യൂട്ടിലിറ്റി ഏരിയയിലൂടെയുമാണ് കടന്നുപോകുന്നത്. ഇന്ന് രാവിലെ മെയിൻ പൈപ്പ് ലൈൻ സ്ഥാപിച്ച് ചോർച്ച പരിശോധന നടത്തും. അതിന് ശേഷമേ സർവ്വീസ് റോഡ് പുനസ്ഥാപിക്കുന്ന നടപടി ആരംഭിക്കു. മയ്യനാട് പഞ്ചായത്തിൽ പൂർണമായും തൃക്കോവിൽവട്ടം, ആദിച്ചനല്ലൂർ പഞ്ചായത്തുകളിൽ ഭാഗികമായും കുടിവെള്ള വിതരണം മുടങ്ങി. കൊല്ലം നഗരത്തിൽ കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷൻ വരെ ഈ പൈപ്പ് ലൈനിൽ നിന്നുള്ള വെള്ളം വിതരണത്തിന് ഉപയോഗിച്ചിരുന്നു. ഈ ഭാഗങ്ങളിൽ ഇന്നലെ ശാസ്താംകോട്ടയിൽ നിന്നുള്ള വെള്ളം പൈപ്പ് ലൈൻ വഴി എത്തിച്ചു.
റിപ്പോർട്ട് തേടി
കെ.എസ്.ഇ.ബിയുടെ തകർന്നുപോയ ഭൂഗർഭകേബിളുകൾ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പണി ആരംഭിക്കും. ഉയരപ്പാത തകർന്ന ഭാഗത്ത് ഗതാഗതം നിയന്ത്രിക്കാൻ ഹോംഗാർഡുകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സേവനം വിനിയോഗിക്കും. അപകടത്തിന്റെ കാരണം സംബന്ധിച്ച് ദേശീയപാതവിഭാഗം ശാസ്ത്രീയ പരിശോധനനടത്തി വിവരം നൽകണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിട്ടി സി.ഇ.ഒ ആയ എ.ഡി.എം ജി. നിർമൽ കുമാറും യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |