കൊല്ലം: ജില്ലാ പഞ്ചായത്ത് തലവൂർ ഡിവിഷൻ പിടിക്കാൻ വനിതകളുടെ പോരാട്ടം. രാഷ്ട്രീയവും വ്യക്തി ബന്ധങ്ങളും വോട്ടായി മാറുമെന്നതിനാൽ വിജയം ആർക്കൊപ്പമെന്ന് പ്രവചിക്കാനുമാവില്ല.
കഴിഞ്ഞ തവണ ഇടത് മുന്നണി എസ്.എഫ്.ഐ നേതാവായ അനന്ദു പിള്ളയെ രംഗത്തിറക്കി വലിയ വിജയം നേടിയിരുന്നു. ഒട്ടേറെ വികസന പദ്ധതികൾ ഡിവിഷനിൽ എത്തിക്കാനും കഴിഞ്ഞു. ഡിവിഷൻ സംവരണമായതോടെ അനന്ദുപിള്ള വാർഡ് തിരഞ്ഞെടുപ്പിലേക്ക് കളം മാറ്റി. ഡിവിഷനിൽ മൂന്ന് മുന്നണികൾക്കുമായി നിരന്നത് വ്യക്തിബന്ധങ്ങൾ നല്ല നിലയിലുള്ളവരാണ്. മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ നിയോജക മണ്ഡലത്തിൽപ്പെടുന്നതാണ് തലവൂർ. പത്തനാപുരം ബ്ളോക്കിലെ പിടവൂർ, കമുകുംചേരി, ഇളമ്പൽ, കുന്നിക്കോട്, തലവൂർ, നടുത്തേരി ഡിവിഷനുകൾ ചേരുന്നതാണ് തലവൂർ ജില്ലാ ഡിവിഷൻ. പ്രചരണ രംഗത്തും മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.
ടി.എസ്.അശ്വതി ലക്ഷ്മി, എൽ.ഡി.എഫ് (സി.പി.എം)
പൂവറ്റൂർ എൻ.എസ്.എസ്.എച്ച്.എസ്.എസിലെ അദ്ധ്യാപികയായ ടി.എസ്. അശ്വതി ലക്ഷ്മി (39) ആദ്യമായാണ് തിരഞ്ഞെടപ്പിൽ മത്സരിക്കുന്നത്. കവയിത്രിയെന്ന നിലയിൽ സാഹിത്യ വേദികളിൽ നിറസാന്നിദ്ധ്യമാണ്. സി.പി.എം വിളക്കുടി ലോക്കൽ കമ്മിറ്റി അംഗം നിഥിന്റെ ഭാര്യ.
ഡോ.മീര ആർ.നായർ, യു.ഡി.എഫ് (കോൺഗ്രസ്)
ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്.എസിലെ പ്രിൻസിപ്പലായ ഡോ.മീര ആർ.നായർ (53) സ്കൂൾ മാനേജരും ഡി.സി.സി മെമ്പറുമായ ആർ.പദ്മഗിരീഷിന്റെ സഹോദരിയാണ്. പിതാവ് മാമിസാർ പൊതുസ്വീകാര്യനായിരുന്നു. എസ്.ഗോപീകൃഷ്ണനാണ് ഭർത്താവ്.
അമൃത ബാബു, എൻ.ഡി.എ (ബി.ജെ.പി)
ബി.ജെ.പി കുന്നിക്കോട് മണ്ഡലം സെക്രട്ടറിയായ അമൃത ബാബു (35) കൊട്ടാരക്കര ബാറിലെ അഭിഭാഷകയാണ്. മത്സര രംഗത്ത് ആദ്യമാണ്. പൊതുരംഗത്ത് സജീവം. ഷൈജുവാണ് ഭർത്താവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |