
കൊല്ലം: സിദ്ധാർത്ഥ ഫൗണ്ടേഷന്റെ ഇക്കൊല്ലത്തെ സാഹിത്യ പുരസ്‌കാരം സോണിയ ചെറിയാന്റെ സ്നോലോട്ടസ് എന്ന നോവലിന്. ഫൗണ്ടേഷന്റെ 12-ാമത് പുരസ്‌കാരമാണിത്. 50000 രൂപയും ബുദ്ധശില്‌പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഫെബ്രുവരിയിൽ ഫൗണ്ടേഷൻ ആസ്‌ഥാനത്ത് നടക്കുന്ന സംസ്‌ഥാന സാഹിത്യ ക്യാമ്പിൽ വിതരണം ചെയ്യും.
ലോകം അധികമൊന്നും ചർച്ച ചെയ്തിട്ടില്ലാത്ത ടിബറ്റൻ ജനതയുടെ അഭയാർത്ഥിത്വത്തിന്റെ അതിസങ്കീർണമായ പ്രശ്‌നങ്ങളാണ് നോവലിൽ ആഴത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. അധിനിവേശം ചെയ്യപ്പെട്ട പവിത്രരാജ്യമായ ടിബറ്റിലെ പൗരന്മാർ ലോകം മുഴുവൻ കാലുവെന്ത് അലയുന്ന സങ്കടകരമായ കാഴ്ച്‌ച നോവലിൽ കാണാം. ഹിമാലയൻ പർവതനിരകളുടെ നിഗൂഢതകളിൽ എന്നോ അപ്രത്യക്ഷനായ തന്റെ അച്ഛനെത്തേടിയുള്ള പട്ടാളക്കാരിയായ മകളുടെ അന്വേഷണമാണ് നോവലിൽ. മിത്തും യാഥാർത്ഥ്യവും ചരിത്രവും പ്രണയവും ഇടകലർന്ന നോവൽ ബുദ്ധിസത്തിന്റെ ആന്തരിക സത്തയിലേയ്ക്കും തീർപ്പുകൽപ്പിക്കാനാവാത്ത ജീവിതക്രമത്തിന്റെയും കാലത്തിന്റെയും അവസ്‌ഥകളിലേയ്ക്കും കടന്നുപോകുന്നു. ഭാഷയിലും ഭാവുകത്വത്തിലും വ്യത്യസ്‌തമായ ആഖ്യാനരീതിയും അത്ഭുതകരമായ കൈയൊതുക്കവും പുലർത്തുന്ന കൃതിയാണിത്. ഇളവൂർ ശ്രീകുമാർ, കെ.സജീവ് കുമാർ എന്നിവരടങ്ങിയ ജൂറിയാണ് കൃതി തിരഞ്ഞെടുത്തത്.
പത്രസമ്മേളനത്തിൽ സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ, ജൂറി ചെയർമാൻ കെ.സജീവ്‌കുമാർ, ഫൗണ്ടേഷൻ കൾച്ചറൽ കമ്മിറ്റി അംഗം ജ്യോതികൃഷ്ണ, സിദ്ധാർത്ഥ ഫൗണ്ടേഷൻ ചെയർമാൻ സജി മംഗലത്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |