
കൊല്ലം: സ്വകാര്യ ഡേ കെയറുകൾക്ക് സമാനമായി കുഞ്ഞുങ്ങൾക്ക് പകൽ സംരക്ഷണം നൽകുന്ന അങ്കണവാടി കം ക്രഷ് പദ്ധതി ജില്ലയിൽ വിജയകരമായി മുന്നേറുന്നു. ആദ്യഘട്ടത്തിൽ ഭരണാനുമതി ലഭിച്ച 24 എണ്ണത്തിൽ 12 ക്രഷുകളും പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ ആകെയുള്ള 21 ഐ.സി.ഡി.എസുകളിലും നിലവിൽ അങ്കണവാടി കം ക്രഷ് പ്രവർത്തനം ആരംഭിക്കുന്നതിന് നടപടികൾ നടന്നുവരികയാണെന്ന് അധികൃതർ പറഞ്ഞു.
ഒരു വാർഡിൽ ഒന്നുവീതം എന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ചില സ്ഥലങ്ങളിൽ 2 എണ്ണം വീതവും ആരംഭിച്ചിട്ടുണ്ട്. അങ്കണവാടി കുട്ടികൾക്കൊപ്പം ആറു മാസം മുതൽ 3 വയസ് വരെയുള്ള കുട്ടികളെക്കൂടി ഉൾപ്പെടുത്തുന്നതാണ് പദ്ധതി. വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പൽന സ്‌കീമിന്റെ ഭാഗമായി ആരംഭിച്ച അങ്കണവാടി കം ക്രഷ് രാവിലെ 7.30 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തിക്കുന്നത്.
അങ്കണവാടിയിലെ ഹെൽപ്പർ, വർക്കർ, അങ്കണവാടി കം ക്രഷ് ഹെൽപ്പർ, അങ്കണവാടി കം ക്രഷ് വർക്കർ ഉൾപ്പെടെ ആകെ നാല് ജീവനക്കാരാണുള്ളത്. സർക്കാർ അവധി ദിവസങ്ങളൊഴികെ എന്നും പ്രവർത്തിക്കും. രക്ഷിതാക്കൾ ജോലിക്ക് പോയി മടങ്ങിയെത്തും വരെ കുട്ടികൾക്ക് സുരക്ഷിതമായി താമസിക്കാനിടം ഒരുക്കുന്ന പദ്ധതിയിലൂടെ സ്ത്രീകളെ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്നതിനും നിലനിറുത്തുന്നതിനും വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. കേന്ദ്രത്തിന്റെ 60 ശതമാനവും സംസ്ഥാനത്തിന്റെ 40 ശതമാനവും വിഹിതം ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിൽ രണ്ട് ഘട്ടങ്ങളിലായി 35 ക്രഷുകളാണ് അനുവദിച്ചത്.
കുട്ടികൾക്ക് പോഷകാഹാരവും
സംഘടിത, അസംഘടിത മേഖലകളിലും കാർഷിക മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ പകൽ സമയങ്ങളിൽ സുരക്ഷിതമായി പരിചരിക്കുക, അവരുടെ ആരോഗ്യപോഷണ നിലവാരം ഉയർത്തുക, ബൗദ്ധിക, വൈകാരിക, ശാരീരിക വികാസത്തിന് അടിത്തറ പാകുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പകൽ സമയങ്ങളിൽ സുരക്ഷിത പരിചരണം, അനുപൂരക പോഷകാഹാരം, ഹെൽത്ത് ചെക്കപ്പ്, ഇമ്മ്യൂണൈസേഷൻ, പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾ എന്നീ സേവനങ്ങൾ ഇതിലൂടെ നൽകും. കുട്ടികളുടെ സംരക്ഷണം ആവശ്യമുള്ള ആർക്കും അങ്കണവാടി കം ക്രഷിന്റെ സേവനം ഉപയോഗിക്കാം.
ആരംഭിച്ചത്
ചടയമംഗലം, കൊല്ലം അർബൻ 1, കൊല്ലം അർബൻ 2 (രണ്ടെണ്ണം), പത്തനാപുരം, അഞ്ചാലുംമൂട്, അഞ്ചൽ അഡീഷണൽ, ശാസ്താംകോട്ട, ഇത്തിക്കര, വെട്ടിക്കവല (2 എണ്ണം) , ശാസ്താംകോട്ട അഡീഷണൽ.
നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ ജില്ലയിൽ 24 അങ്കണവാടി കം ക്രഷുകൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 12 എണ്ണം പ്രവർത്തനം ആരംഭിച്ചു. ബാക്കിയുള്ളതിന്റെ നടപടികൾ പുരോഗമിക്കുകയാണ്.
വനിത-ശിശു വികസന വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |