കൊല്ലം: നീന്തൽകുളത്തിൽ തലയിടിച്ച് വീണ് ചികിത്സയിൽ കഴിയുന്നതിനിടെ മസ്തിഷ്ക മരണം സംഭവിച്ച ഡോ. അശ്വിൻ മോഹനചന്ദ്രൻ നായർ (32) ഇനി മൂന്ന് പേരിലൂടെ ജീവിക്കും. കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിലായിരുന്നു അവയവദാന ശസ്ത്രക്രിയ.
ഉമയനല്ലൂർ നടുവിലക്കര സൗപർണ്ണികയിൽ (അകവൂർമഠം) ഡോ.അശ്വിന്റെ ഹൃദയവാൽവ്, കണ്ണ്, കരൾ എന്നിവയാണ് ദാനം ചെയ്തത്. ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്രയിലെയും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെയും കണ്ണ് തിരുവനന്തപുരം ചൈതന്യയിലെയും രോഗികൾക്കാണ് നൽകിയത്. കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജ് ഒന്നാം വർഷം എം.എസ് ജനറൽ സർജറി വിദ്യാർത്ഥിയായ ഡോ.അശ്വിൻ കഴിഞ്ഞ 19 ന് ആണ് അപകടത്തിൽപ്പെടുന്നത്. കോഴിക്കോട് കൂടരഞ്ഞിയിലെ റിസോർട്ടിലെ നീന്തൽകുളത്തിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് കെ.എം.സി.ടി മെഡി. ആശുപത്രിയിലേക്കും ആസ്റ്റർ മിംസിലേക്കും മാറ്റി. കഴിഞ്ഞ 27 ന് കൊല്ലം എൻ.എസ് സഹ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ 30 ന് വൈകിട്ട് 6.40 ഓടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. പിന്നാലെ ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചു.
ഇന്നലെ പുലർച്ചെ 5 ന് ശസ്ത്രക്രിയ ആരംഭിച്ചു. രാവിലെ 10.30 മുതൽ അവയവങ്ങൾ റോഡ് മാർഗം തിരുവനന്തപുരത്തെ ആശുപത്രികളിലേക്ക് എത്തിച്ചു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനാണ് (കെ സോട്ടോ) നടപടിക്രമങ്ങൾ കൈകാര്യം ചെയ്തത്. ഇതാദ്യമായാണ് എൻ എസ് സഹകരണ ആശുപത്രി അവയവദാന പ്രക്രിയയിൽ ഭാഗമാകുന്നത്. പാരിപ്പള്ളി മെഡി. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഡോ.അശ്വിന്റെ മൃതദ്ദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. എൻ. മോഹനചന്ദ്രൻനായർ (റിട്ട. അദ്ധ്യാപകൻ)-അമ്മിണിയമ്മ (റിട്ട. സെക്രട്ടറി, ഉമയനല്ലൂർ എസ്.സി.ബി) എന്നിവരാണ് മാതാപിതാക്കൾ. സഹോദരി: അരുണിമ, സഹോദരീ ഭർത്താവ്: ശരത് ചന്ദ്രൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |