കൊല്ലം: ചാത്തന്നൂർ തിരുമുക്കിൽ ദേശീയപാതയോരത്തെ ടോറിയൻ മെറ്റൽസ് ആൻഡ് പെയിന്റ്സിൽ ഉണ്ടായ തീപിടിത്തത്തിലെ നഷ്ടം രണ്ട് കോടിയിലേറെ. ചാത്തന്നൂർ രാജേഷ് ഭവനിൽ രാജേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
പെയിന്റ്, കെട്ടിട നിർമ്മാണ ഉത്പന്നങ്ങൾ എന്നിവയുടെ വിപണന ഷോറൂമും ഓഫീസ് സംവിധാനവുമാണ് പൂർണമായും അഗ്നിക്കിരയായത്. ചൊവ്വാഴ്ച രാത്രി 10.50ന് ആണ് തീ പടർന്നത്. മണിക്കൂറുകൾക്ക് ശേഷമാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തീ കെടുത്തിയത്. അപ്പോഴേക്കും കട പൂർണമായും കത്തി നശിച്ചു. ഓഫീസ് സംവിധാനത്തിനായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഗ്ളാസുകൊണ്ടുള്ള സ്ക്രീനുകളും ഉപകരണങ്ങളുമെല്ലാം നശിച്ചു. പണമായി 52,000 രൂപ അഗ്നിക്കിരയായി. പ്രമാണങ്ങൾ, രസീതുകൾ, പാസ് ബുക്കുകൾ തുടങ്ങി വിലപ്പെട്ട രേഖകളെല്ലാം നശിച്ചു.
നാശനഷ്ടം
കമ്പ്യൂട്ടർ- 6 ലാപ്ടോപ്-1 ലോക്കർ-2 പ്രിന്റർ-4 കൗണ്ടിംഗ് മെഷീൻ-2 ഫാൻ-5 എ.സി- 2 സ്റ്റെബിലൈസർ യു.പി.എസ് ഇൻവർട്ടർ ബി.എസ്.എൻ.എൽ മോഡം ലാൻഡ് ഫോൺ, മൊബൈൽ ഫോൺ വാട്ടർ പ്യൂരിഫയർ
സി.സി.ടി.വി കാമറ പെയിന്റ് മിക്സിംഗ് മെഷീൻ-5 ടി.വി, ഇലക്ട്രിക് ഉപകരണങ്ങൾ ഓഫീസ് ഫർണിച്ചറുകൾ ഒരു കോടി രൂപയുടെ പെയിന്റ് വെൽഡിംഗ് മെറ്റീരിയൽസ്
രക്ഷകരായി ജീവനക്കാർ
ഷോറൂമും സമീപത്തായി ഗോഡൗണുമാണ് പ്രവർത്തിച്ചുവരുന്നത്. ഇതിന്റെ ഇടയിലായി ജീവനക്കാർ താമസിക്കുന്നത്. ഷോറൂമിൽ നിന്നും തീയും പുകയും ഉയരുന്നതു കണ്ട ജീവനക്കാരാണ് ഫയർഫോഴ്സിനെയടക്കം വിവരമറിയിച്ചത്. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി ശ്രമകരമായിട്ടാണ് തീ കെടുത്തിയത്. ഇല്ലായിരുന്നെങ്കിൽ സമീപത്തെ ഗോഡൗണിലേക്ക് തീ പടർന്നേനെ. ഇവിടെ കോടിക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളുണ്ട്. ടിന്നർ, ടർപ്പന്റയിൻ, പെയിന്റ് ഉത്പന്നങ്ങൾ എന്നിവയിലേക്ക് തീ പടർന്നതിനാലാണ് കൂടുതൽ ആളിക്കത്തിയത്. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് പ്രഥമിക നിഗമനം.
ദേശീയ പാതയുടെ നിർമ്മാണ ജോലികൾ നടക്കുന്നതിന്റേതായ പ്രതിസന്ധികൾക്കിടയിലും പിടിച്ചു നിന്നതാണ്. ഷോറൂം പൂർണമായും കത്തി നശിച്ചു. രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി
രാജേഷ് ബാബു, എം.ഡി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |