
കൊല്ലം: ജില്ലയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താനുള്ള നടപടി തുടങ്ങി. നഗരത്തിൽ നിന്ന് ഒഴിഞ്ഞ് കുറഞ്ഞത് 20 ഏക്കർ സ്ഥലമെങ്കിലും കണ്ടെത്താനാണ് നീക്കം.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ സെൻട്രൽ ജയിലിനുള്ള ശ്രമം നടക്കുന്നത്. ആദ്യഘട്ടത്തിൽ കുറഞ്ഞത് 600 പേർക്കുള്ള സെല്ലുകൾ ഒരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജില്ലയിൽ നിലവിൽ കളക്ടറേറ്റിനടുത്ത് ജില്ലാ ജയിലും കൊട്ടാരക്കരയിൽ സബ് ജയിലുമുണ്ട്. ഒരുമാസം വരെ ശിക്ഷ വിധിക്കുന്നവരെയും റിമാൻഡ് പ്രതികളെയുമാണ് സബ് ജയിലുകളിൽ പാർപ്പിക്കുന്നത്.
മൂന്ന് മാസം വരെ ശിക്ഷിക്കുന്നവരെയും റിമാൻഡ് പ്രതികളെയുമാണ് ജില്ലാ ജയിലുകളിൽ ഇടുന്നത്. മൂന്ന് മാസത്തിന് മുകളിൽ ശിക്ഷിക്കുന്നവരെയാണ് സെൻട്രൽ ജയിലുകളിൽ പാർപ്പിക്കുന്നത്. അതിന് പുറമേ കൂടുതൽ സുരക്ഷ ആവശ്യമുള്ള വിചാരണ തടവുകാരെയും സെൻട്രൽ ജയിലുകളിലാണ് പാർപ്പിക്കുന്നത്.
ജില്ലയിൽ സെൻട്രൽ ജയിൽ ഇല്ലാത്തതിനാൽ കൊല്ലത്തെ കോടതികളിലുള്ള കേസുകളിലെ വിചാരണ തടവുകാരെ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പാർപ്പിക്കുന്നത്. ഇവരെ വിചാരണയ്ക്കായി കോടതികളിലേക്ക് കൊണ്ടുവരുന്നതിന് ആഭ്യന്തര വകുപ്പിന് വലിയ തുക ചെലവാകുന്നുണ്ട്. അതിന് പുറമേ സുരക്ഷാ പ്രശ്നങ്ങളുമുണ്ട്. അതുകൊണ്ടാണ് ജില്ലയിൽ പുതിയ സെൻട്രൽ ജയിലിന് ശ്രമം നടക്കുന്നത്. എട്ട് വർഷം മുമ്പ് ചാത്തന്നൂരിൽ സെൻട്രൽ ജയിലിന് സ്ഥലം കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഉപേക്ഷിച്ചു. കൊല്ലം ജില്ലാ ജയിലിന് പുതിയ കെട്ടിടം നിർമ്മിക്കാൻ നഗരത്തിൽ സ്ഥലം തേടിയെങ്കിലും ലഭിച്ചിരുന്നില്ല.
കേരളത്തിലെ സെൻട്രൽ ജയിലുകൾ
തിരുവനന്തപുരം- പൂജപ്പുര
തൃശൂർ- വിയ്യൂർ
മലപ്പുറം- തവന്നൂർ
കണ്ണൂർ
വനിത സെൻട്രൽ ജയിൽ അട്ടക്കുളങ്ങര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |