കൊല്ലം: അഷ്ടമുടി കായലിന്റെ ഓളപ്പരപ്പിൽ കരുത്തിന്റെയും വേഗതയുടെയും പുതിയ ചരിത്രമെഴുതാൻ ജലരാജാക്കന്മാർ ഇന്ന് ഏറ്റുമുട്ടും. 11-ാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആവേശകരമായ ഫൈനലുമാണ് നടക്കുക. ഒൻപത് ചുണ്ടൻ വള്ളങ്ങളും എട്ട് ചെറുവള്ളങ്ങളുമാണ് മാറ്റുരയ്ക്കുന്നത്.
കായലിൽ ആധുനിക ജലകായിക വിനോദമായ ജെറ്റ് സി വിത്ത് ഫ്ലൈ ബോർഡ് പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2ന് മേയർ എ.കെ.ഹഫീസ് പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനവും സമ്മാനദാനവും മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. സി.ബി.എല്ലിലെ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം രൂപയാണ് സമ്മാനം.
ചെറുവള്ളങ്ങളുടെ മത്സരത്തിൽ രണ്ട് ഇരുട്ടുകുത്തി എ ഗ്രേഡ്, മൂന്ന് ഇരുട്ടുകുത്തി ബി ഗ്രേഡ്, മൂന്ന് തെക്കനോടി വനിതാ വിഭാഗം വള്ളങ്ങൾ പങ്കെടുക്കും. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിന് ബോണസ് ഇനത്തിൽ 75,000 രൂപയും പ്രൈസ് മണി ഇനത്തിൽ 25,000 രൂപയുമാണ് സമ്മാനം. ഇരുട്ടുകുത്തി ബി ഗ്രേഡിന് ബോണസിനത്തിൽ 50000 രൂപയും പ്രൈസ് മണിയായി ഒന്നാം സ്ഥാനത്തിന് 20000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയുമാണ്. തെക്കനോടി വനിതാ വിഭാഗത്തിന് 60,000 രൂപയും പ്രൈസ് മണിയായി ഒന്നാം സ്ഥാനത്തിന് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും നൽകും. മൂന്ന് ട്രാക്കുകളാണ് തയ്യാറാക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |