
കൊല്ലം: ജില്ലയിൽ നീർപക്ഷികളുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 60 ശതമാനം വർദ്ധിച്ചെന്ന് ജില്ല ഏഷ്യൻ നീർപ്പക്ഷി സെൻസസ് റിപ്പോർട്ട്. 87 ഇനങ്ങളിൽപ്പെട്ട 19,555 പക്ഷികളെ ജില്ലയിൽ കണ്ടു. 2025 ലെ സെൻസസിൽ 81 ഇനങ്ങളിലെ 11,525 പക്ഷികളെയാണ് കണ്ടെത്തിയത്.
സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെയും ഫാത്തിമ മാതാ നാഷണൽ കോളേജിന്റെയും പിന്തുണയോടെ കൊല്ലം ബേഡിംഗ് ബറ്റാലിയൻ ഡബ്ല്യു.ഡബ്ല്യു.എഫ് - ഇന്ത്യയുമായി ചേർന്നാണ് സെൻസസ് നടത്തിയത്. മൺറോത്തുരുത്, ചീലൂർ, ഉമയനല്ലൂർ, കാപ്പിൽ-പൊഴിക്കര, അഷ്ടമുടി എന്നിവിടങ്ങൾ ഒഴികെ മറ്റെല്ലായിടങ്ങളിലും പക്ഷികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. വെള്ളനാതുരുത്ത് ബീച്ചിലാണ് ഏറ്റവും കൂടുതൽ പക്ഷികളെ കണ്ടെത്തിയത്, 42 ഇനങ്ങളിലായി 3983 പക്ഷികൾ. ഇതിൽ ഭൂരിഭാഗവും തീരദേശ ദേശാടന പക്ഷികളാണ്. 1252 ഹ്യുഗ്ലിനി കടൽക്കാക്കകൾ, 850 തവിട്ടു തലയൻ കടൽകാക്കകൾ, 24 ചെറിയ കടലാളകൾ, 74 വലിയ കടലാളകൾ, 75 ചെറുമണൽക്കോഴികൾ എന്നിവയാണ്.
450 ചിന്നമുണ്ടികളും 500 കൃഷ്ണപ്പരുന്തുകളും ഇതിൽ ഉൾപ്പെടുന്നു. ശക്തികുളങ്ങര-നീണ്ടകര ഹാർബറുകളിൽ 3248 പക്ഷികളെ കണക്കാക്കിയെങ്കിലും സ്പീഷീസുകളുടെ എണ്ണം 10 മാത്രമായിരുന്നു. 2000 ചിന്നമുണ്ടികൾ, 226 പെരുമുണ്ടി, 750 കൃഷ്ണപ്പരുന്ത് എന്നിവയുടെ ബലത്തിൽ എണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തി.
കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിന് പുറമെ കൊല്ലം എസ്.എൻ കോളേജ്, അമൃത വിശ്വവിദ്യാപീഠം വള്ളിക്കാവ്, കെ.യു.സി.ടി.ഇ കുളക്കട, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും സെൻസസിന്റെ ഭാഗമായി. ജനുവരി 10ന് രാവിലെ 6.30 മുതൽ 10.30 വരെ 15 തണ്ണീർത്തടങ്ങളിൽ ഒരേസമയമായിരുന്നു സർവേ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |